palarivattom-flyover

തിരുവനന്തപുരം:പാലാ​രി​വട്ടം പാലം നിർമ്മാ​ണ​ത്തിലെ ക്രമക്കേടിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി നിർമ്മാണ കരാറെടുത്ത ആർ.​ഡി.​എസ് കമ്പനിയുടെ പെർഫോ​മൻസ് ഗാരന്റി 4കോടി 13 ലക്ഷം രൂപ ഖജനാവിലേക്ക് കണ്ടു​കെട്ടി.

പൊതു​മ​രാ​മത്ത് വകുപ്പ് മന്ത്രി ജി.​സു​ധാ​ക​രൻ അറി​യി​ച്ചതാണ് ഇക്കാര്യം.
കരാർ പ്രകാരം നിർമ്മാണം നന്നായി നിർവഹിച്ചാൽ പെർഫോ​മൻസ് ഗാരന്റി കരാറുകാരന് തിരിച്ചു കൊടു​ക്കു​ന്ന​താണ് രീതി. വീഴ്‌ച വരുത്തിയാൽ ഈ തുക സർക്കാ​രിന് കണ്ടു​കെ​ട്ടാ​മെ​ന്നാണ് കരാർ വ്യവസ്ഥ.
തിങ്കളാഴ്ച റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവ​ല​പ്പ്‌മെന്റ്‌ കോർപ്പ​റേ​ഷന്റെ എം.​ഡി യായി ചുമ​ത​ല​യേറ്റ രാഹുൽ. ആർ ആണ് പെർഫോ​മൻസ് ഗാരന്റി തുക കണ്ടു​കെ​ട്ടാ​നുള്ള നിർദ്ദേശം ചെയർമാ​നായ മന്ത്രിക്ക് സമർപ്പി​ച്ച​ത്. മന്ത്രി ഉടൻ തന്നെ നടപടിക്ക് അംഗീ​കാരം നൽകി.
ക്രമക്കേട് കാട്ടിയ കമ്പ​നി​യിൽ നിന്ന് പാലം നിർമ്മി​ക്കാ​നാ​വ​ശ്യ​മായ തുക ഈടാ​ക്കാൻ സർക്കാർ തീരു​മാ​നി​ച്ചി​ട്ടു​ണ്ട്. പാല​ത്തിന്റെ പുനരുദ്ധാരണത്തിന് ഡി.​എം.​ആർ.സിയെ മന്ത്രിസഭ ചുമ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അതിൻ പ്രകാരം ഡോ. ഇ.​ശ്രീ​ധ​രന്റെ നേതൃ​ത്വ​ത്തിൽ പ്രവർത്തനം ആരം​ഭി​ച്ചി​ട്ടു​ണ്ടെന്നും മന്ത്രി സു​ധാ​ക​രൻ പറഞ്ഞു.