
തിരുവനന്തപുരം:പാലാരിവട്ടം പാലം നിർമ്മാണത്തിലെ ക്രമക്കേടിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി നിർമ്മാണ കരാറെടുത്ത ആർ.ഡി.എസ് കമ്പനിയുടെ പെർഫോമൻസ് ഗാരന്റി 4കോടി 13 ലക്ഷം രൂപ ഖജനാവിലേക്ക് കണ്ടുകെട്ടി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചതാണ് ഇക്കാര്യം.
കരാർ പ്രകാരം നിർമ്മാണം നന്നായി നിർവഹിച്ചാൽ പെർഫോമൻസ് ഗാരന്റി കരാറുകാരന് തിരിച്ചു കൊടുക്കുന്നതാണ് രീതി. വീഴ്ച വരുത്തിയാൽ ഈ തുക സർക്കാരിന് കണ്ടുകെട്ടാമെന്നാണ് കരാർ വ്യവസ്ഥ.
തിങ്കളാഴ്ച റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ എം.ഡി യായി ചുമതലയേറ്റ രാഹുൽ. ആർ ആണ് പെർഫോമൻസ് ഗാരന്റി തുക കണ്ടുകെട്ടാനുള്ള നിർദ്ദേശം ചെയർമാനായ മന്ത്രിക്ക് സമർപ്പിച്ചത്. മന്ത്രി ഉടൻ തന്നെ നടപടിക്ക് അംഗീകാരം നൽകി.
ക്രമക്കേട് കാട്ടിയ കമ്പനിയിൽ നിന്ന് പാലം നിർമ്മിക്കാനാവശ്യമായ തുക ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാലത്തിന്റെ പുനരുദ്ധാരണത്തിന് ഡി.എം.ആർ.സിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിൻ പ്രകാരം ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സുധാകരൻ പറഞ്ഞു.