കൊച്ചി: നിക്ഷേപകരുടെ നികുതി ബാദ്ധ്യത കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഇന്നലെ ഓഹരി വിപണിക്ക് സമ്മാനിച്ചത് വൻ കുതിപ്പ്. ഒരുവേള 600 പോയിന്റിനുമേൽ മുന്നേറിയ സെൻസെക്‌സ് 582 പോയിന്റ് നേട്ടവുമായി 39,832ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്‌റ്രി 160 പോയിന്റുയർന്ന് 11,787ലുമെത്തി. ഇരു സൂചികകളും നാലുമാസത്തെ ഉയരത്തിലാണുള്ളത്.
ഒരു ദശാബ്‌ദത്തിനു ശേഷം 2018ൽ വീണ്ടും കൊണ്ടുവന്ന ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി), ലാഭവിഹിത വിതരണ നികുതി (ഡി.ഡി.ടി), സെക്യൂരിറ്രീസ് ഇടപാട് നികുതി (എസ്.ടി.ടി), ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്.ടി.സി.ജി) എന്നിവ ഒഴിവാക്കാനോ നികുതിയിൽ ഇളവ് നൽകാനോ സർക്കാർ ശ്രമിച്ചേക്കുമെന്ന സൂചനകളാണ് ഓഹരി വിപണിക്ക് ആവേശമായത്.
നികുതി ബാദ്ധ്യതകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമ്മല സീതാരാമനും ചർച്ച നടത്തിയെന്നും അറിയുന്നു. കൂടുതൽ ആഭ്യന്തര - വിദേശ നിക്ഷേപകരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. അടുത്ത ബഡ്‌ജറ്രിലോ അതിനു മുമ്പായോ പ്രഖ്യാപനം ഉണ്ടായേക്കും. ടാറ്രാ മോട്ടോഴ്‌സ്, ടാറ്രാ സ്‌റ്റീൽ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വേദാന്ത, റിലയൻസ് ഇൻഡസ്‌ട്രീസ്, ടി.സി.എസ്., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇന്നലെ മികച്ച മുന്നേറ്റം നടത്തിയ ഓഹരികൾ.
ഇവ സംയുക്തമായി മാത്രം 400 പോയിന്റോളം നേട്ടം ഇന്നലെ സെൻസെക്‌സിന്റെ കുതിപ്പിൽ കൂട്ടിച്ചേർത്തു. ടാറ്രാ മോട്ടോഴ്‌സിൽ 6,500 കോടി രൂപ നിക്ഷേപിച്ച്, ഓഹരി പങ്കാളിത്തം 43.73 ശതമാനമായി ഉയർത്തുമെന്ന മാതൃകമ്പനിയായ ടാറ്രാ സൺസ് പ്രഖ്യാപിച്ചിരുന്നു. ഇത്, ടാറ്രാ മോട്ടോഴ്‌സ് ഓഹരികൾ 16 ശതമാനം മുന്നേറാൻ വഴിയൊരുക്കി. ഉപകമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ ലാഭട്രാക്കിലേക്ക് തിരിച്ചെത്തിയതും ടാറ്രാ മോട്ടോഴ്‌സിന് നേട്ടമായി.
₹150 ലക്ഷം കോടി
കടന്ന് സെൻസെക്‌സ്
ഒരിടവേളയ്ക്ക് ശേഷം സെൻസെക്‌സിന്റെ മൂല്യം വീണ്ടും 150 ലക്ഷം കോടി രൂപ കടന്നു. ഇന്നലെ 2.73 ലക്ഷം കോടി രൂപ നേട്ടവുമായി 152.05 ലക്ഷം കോടി രൂപയാണ് മൂല്യം.