തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പ്രോജക്ട് ഓഫിസുകളിലും ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും തദ്ദേശ വകുപ്പിന്റെ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
സ്‌കൂളുകളിലെ അറ്റകുറ്റപ്പണികൾക്കും ഗ്രാൻഡുകൾക്കുമായി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും, തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നമ്പർ നൽകുന്നതിലും അഴിമതി നടക്കുന്നതായി വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നെടുമങ്ങാട് ബ്ലോക്ക് റിസോഴ്സ് സെന്ററിൽ 2018-19 ൽ 121കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തതായി രേഖയുണ്ടെങ്കിലും 2 കുട്ടികൾക്ക് മാത്രമാണ് നൽകിയത്. കഴക്കൂട്ടം സോണൽ ഓഫീസിലെയും കൊല്ലം കോർപ്പറേഷനിലെയും റവന്യൂ വിഭാഗത്തിൽ ഒറ്റത്തവണ നികുതി അടക്കാതെ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ചതായി കണ്ടെത്തി.
പാലക്കാട് മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ റവന്യൂ ടാക്സ് കണക്കാക്കാതെ 63 കെട്ടിടങ്ങൾക്ക് നമ്പർ നൽകി. തൃശ്ശൂർ കോർപ്പറേഷനിൽ ഒറ്റത്തവണ നികുതി അടക്കാത്ത പല കെട്ടിടങ്ങൾക്കും നമ്പറും അവകാശ സർട്ടിഫിക്കറ്റുകളും നൽകി, കൽപ്പറ്റ മുൻസിപാലിറ്റിയിൽ സർക്കാർ ഉത്തരവിന് വിരുദ്ധമായി 8 കെട്ടിടങ്ങൾക്ക് കെട്ടിട നികുതി സ്വീകരിച്ചു നമ്പർ നൽകിയതായി കണ്ടെത്തി.