fadnavis

മുംബയ്: വരുന്ന അഞ്ചുവർഷവും മഹാരാഷ്ട്ര മുഖ്യമന്ത്രി താനായിരിക്കുമെന്നും ശിവസേനയുമായി സ്ഥാനം പങ്കുവയ്ക്കില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തറപ്പിച്ച് പറഞ്ഞതോടെ സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ വിളിച്ച യോഗം ശിവസേന റദ്ദാക്കി. ഇന്നലെ വൈകിട്ടാണ് ബി.ജെ.പി - ശിവസേന നേതാക്കൾ പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിരുന്നത്. ചർച്ച റദ്ദായതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി.

'രണ്ടര വർഷത്തേക്ക് അധികാരം പങ്കിടാമെന്ന് അമിത് ഷാ ആർക്കും വാഗ്ദാനം നൽകിയിട്ടില്ല. ഇതേക്കുറിച്ച് അമിത് ഷായുമായി സംസാരിച്ചിരുന്നു. എല്ലാ അർത്ഥത്തിലും ബി.ജെ.പി നയിക്കുന്ന സർക്കാരാണ് മഹാരാഷ്ട്രയിൽ വരാൻ പോകുന്നത്. ഇന്ന് ബി.ജെ.പി നിയമസഭാ കക്ഷി യോഗം ചേർന്ന് നേതാവിനെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രി ആരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയ സ്ഥിതിക്ക് യോഗം വെറും ഔപചാരികത മാത്രമായിരിക്കും"- ഫഡ്‌നാവിസ് പറഞ്ഞു.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ രണ്ടര വർഷം മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിൽ ശിവസേന ഉറച്ച് നിൽക്കുന്നതിനിടെയാണ്

ഫഡ്നാവിസിന്റെ പ്രതികരണം. ഇതിന് പിന്നാലെ ബി.ജെ.പിയുമായുള്ള ചർച്ച വേണ്ടെന്ന് ഉദ്ധവ് താക്കറെ മറ്റു നേതാക്കളെ അറിയിക്കുകയായിരുന്നു. ബി.ജെ.പി പക്ഷത്ത് നിന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ഭൂപേന്ദ്ര യാദവും ശിവസേനയുടെ സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള പ്രമുഖരും ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.

തീരുമാനം ഇന്ന്?

ഇന്ന് ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിനെത്തുന്ന അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. മുന്നണിവിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉദ്ധവ് താക്കറെ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഒത്തുതീർപ്പ് ഫോർമുലയായി കൂടുതൽ മന്ത്രിസ്ഥാനങ്ങൾ ശിവസേന ആവശ്യപ്പെടാനാണ് സാദ്ധ്യത.

ഹരിയാനയിലെ പോലെ മഹാരാഷ്ട്രയിൽ 'ദുഷ്യന്ത്' ഇല്ലെന്ന കാര്യം മറക്കരുതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേനാ എം.എൽ.എമാർ ബി.ജെ.പിക്കൊപ്പം സർക്കാർ രൂപീകരിക്കാൻ താത്പര്യമുള്ളവരാണെന്ന് ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 105 സീറ്റും ശിവസേന 56 സീറ്റുമാണ് നേടിയത്.