റിയാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ വരവേല്പ്. തിങ്കളാഴ്ച രാത്രി സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചും മൂന്നാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിന്റെ പ്ളീനറി സെഷനിൽ പങ്കെടുക്കുന്നതിനുമാണ് മോദി സൗദിയിലെത്തിയത്. ''ഇന്ത്യയ്ക്ക് അടുത്തത് എന്താണ്?'' എന്ന വിഷയത്തിൽ മോദി മുഖ്യ പ്രഭാഷണം നടത്തും. മോദിയെ കൂടാതെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഫോറത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ത്രിദിന സമ്മേളനത്തിന്റെ ആദ്യ ദിവസം സൗദി 23 നിക്ഷേപ കരാറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഊർജ്ജ മേഖലയിൽ ഉൾപ്പെടെ13 ഓളം തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർ നടപടിക്കുള്ള കരാറിലും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഔട്ട്ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറിലും ഒപ്പുവയ്ക്കും.
റുപേ കാർഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും.
‘സൗദി അറേബ്യയിൽ വന്നിറങ്ങി. ഒരു മൂല്യവത്തായ സുഹൃത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന സന്ദർശനത്തിന്റെ തുടക്കമാണിത്. ഈ സന്ദർശന വേളയിൽ വിപുലമായ പരിപാടികളിൽ പങ്കെടുക്കും’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാർ ഇന്ത്യ-സൗദി അറേബ്യ പങ്കാളിത്തത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് പുത്തനുണർവ് നൽകുമെന്നും സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് നരേന്ദ്രമോദി പറഞ്ഞിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കുന്ന അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.