isis

വാഷിംഗ്ടൺ: അമേരിക്കൻ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് ഐസിസ് തലവനും കൊടുംഭീകരനുമായ അബൂബക്കർ അൽ ബാഗ്ദാദിയാണെന്ന് ഉറപ്പിച്ചത് നേരത്തേ മോഷ്ടിച്ചെടുത്ത അടിവസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഡി.എൻ.എ ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്.

കുർദ്ദുകൾ നയിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിലെ (എസ്.ഡി.എഫ്) അതിവിദഗ്ദ്ധനായ ചാരനാണ് ബാഗ്ദാദിയുടെ സംഘത്തിൽ നുഴഞ്ഞുകയറി അടിവസ്ത്രം മോഷ്ടിച്ച് അമേരിക്കയ്ക്ക് നൽകിയത്. സി.ഐ.എയുമായി യോജിച്ചു പ്രവർത്തിച്ച എസ്.ഡി.എഫ് മേയ് 15 മുതൽ ബാഗ്ദാദിയെ നിരീക്ഷിക്കുകയായിരുന്നു. ഇവരുടെ നാലു ചാരന്മാരിൽ ഒരാൾ ബാഗ്ദാദിയുടെ താവളത്തിൽ കയറിപ്പറ്റി. അടിവസ്ത്രം മോഷ്ടിക്കുകയായിരുന്നു. അതിൽ നിന്ന് ബാഗ്ദാദിയുടെ ഡി. എൻ. എ കണ്ടെത്തി

അടിക്കടി താവളം മാറുമായിരുന്ന ബാഗ്ദാദി ഇഡ്‌ലിബിലെ താവളത്തിൽ കൊല്ലപ്പെടുമ്പോൾ തുർക്കി അതിർത്തിയിലെ ജറാബ്ളസിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു. ഒരു മാസം മുമ്പ് മുതൽ ബാഗ്ദാദിയെ തകർക്കാനുള്ള ഓപ്പറേഷന് അമേരിക്ക തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച ട്രംപിന്റെ തീരുമാനം തിരിച്ചടിയായി.

എസ്.ഡി.എഫിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇഡ്ലിബ് പ്രവിശ്യയിൽ ബാഗ്ദാദിയുണ്ടെന്ന വിവരം നൽകിയത്. അമേരിക്കൻ കമാൻഡോകളുടെ ആക്രമണത്തിൽ സ്വയം പൊട്ടിത്തെറിച്ച ബാഗ്ദാദിയുടെ ശരീരാവശിഷ്ടങ്ങളുടെ ഡി.എൻ.എ അവിടെ വച്ചു തന്നെ 15 മിനുട്ടിനുള്ളിൽ പരിശോധിച്ച് അടിവസ്‌ത്രത്തിലെ ഡി. എൻ. എയുമായി മാച്ച് ചെയ്താണ് കൊല്ലപ്പെട്ടത് ബാഗ്ദാദി തന്നെയാണെന്ന് ഉറപ്പിച്ചത്. പിന്നീട് രണ്ട് മണിക്കൂർ കൂടി അവിടെ ചിലവിട്ട അമേരിക്കൻ കമാൻഡോകൾ ഐസിസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിച്ചു. ബാഗ്ദാദിയുടെ ഛിന്നഭിന്നമായ ശരീരാവശിഷ്ടങ്ങളും വാരിക്കൂട്ടി നടുക്കടലിൽ ആരും തേടിച്ചെല്ലാത്ത ഇടത്ത് മറവ് ചെയ്‌തു,ഒസാമ ബിൻ ലാദന്റെ ശരീരം പോലെ.

എല്ലാം കഴിഞ്ഞ് പറന്നുയർന്ന അമേരിക്കൻ ഹെലികോപ്‌റ്ററുകൾ ബാഗ്ദാദിയുടെ താവളത്തിന് നേരെ അഞ്ച് റോക്കറ്റുകൾ കൂടി പ്രയോഗിച്ച് സർവതും നിരപ്പാക്കിയ ശേഷമാണ് മടങ്ങിയത്.