കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ വണ്ടർല ഹോളിഡെയ്‌സ് 43.92 കോടി രൂപയുടെ വരുമാനം നേടി. മുൻവർഷത്തെ സമാനപാദത്തിൽ വരുമാനം 43.36 കോടി രൂപയായിരുന്നു. വിപണിയിലെ മാന്ദ്യവും കേരളം, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെ മഴക്കെടുതിയുമാണ് വളർച്ചയെ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
നടപ്പുവർഷത്തെ ആദ്യ പകുതിയിൽ വരുമാനം 149.47 കോടി രൂപയിൽ നിന്ന് 11 ശതമാനം ഉയർന്ന് 165.23 കോടി രൂപയായി. ആദ്യ പകുതിയിൽ നികുതിക്ക് ശേഷമുള്ള ലാഭം 33.91 കോടി രൂപയിൽ നിന്നുയർന്ന് 42.19 കോടി രൂപയായി. വർദ്ധന 24 ശതമാനം. രണ്ടാംപാദത്തിൽ ലാഭം 0.16 കോടി രൂപയാണ്. രണ്ടാംപാദത്തിൽ സന്ദർശകരുടെ എണ്ണത്തിൽ കൊച്ചി പാർക്ക് 60 ശതമാനവും ഹൈദരാബാദ് പാർക്ക് അഞ്ചു ശതമാനം വർദ്ധന കുറിച്ചു. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ബംഗളൂരു പാർക്ക് സന്ദർശകരുടെ എണ്ണം 22 ശതമാനം കുറഞ്ഞു.
തമിഴ്‌നാട് സർക്കാരിൽ നിന്ന് അഞ്ചുവർഷത്തേക്ക് വിനോദ നികുതി ഇളവ് ലഭിച്ചതിനാൽ, ചെന്നൈ പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് വണ്ടർല ഹോളിഡെയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ് പറഞ്ഞു. ഒഡിഷയിൽ പാർക്ക് തുടങ്ങുന്നതിനെ കുറച്ച് വിലയിരുത്താൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ആഗോള തലത്തിലെ 'മികച്ച ജോലി സ്ഥലം" എന്ന അംഗീകാരത്തിന് 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്" വണ്ടർലയെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.