actor-vijay

ചെന്നൈ: തമിഴ്‍ നടൻ വിജയിയുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കി അജ്ഞാതൻ. തമിഴ്‌നാട് സംസ്ഥാന പൊലീസിന്റെ കൺട്രോൾ റൂമിൽ വിളിച്ചാണ് തിരിച്ചറിയാനാകാതിരുന്ന ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്. വിജയിയുടെ സാലിഗ്രാമത്തിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അത് പൊട്ടുമെന്നുമായിരുന്നു ഇയാൾ ഫോണിലൂടെ ഭീഷണി മുഴക്കിയത്. അജ്ഞാതന്റെ സന്ദേശം ലഭിച്ചയുടനെ തന്നെ പൊലീസ് വിജയിയുടെ വീട്ടിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളെ സംഭവം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവിടെ സുരക്ഷ ശക്തമാക്കി.

വിജയിയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. വിജയിയും ഭാര്യയും അദ്ദേഹത്തിന്റെ പനൈയൂരിലുള്ള മറ്റൊരു വീട്ടിലാണ് ഇപ്പോൾ താമസം. ഈ വീട്ടിലും പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വിഷയത്തിൽ സൈബർ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടുള്ള വകുപ്പിലാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോൺവിളി എവിടെ നിന്നുമാണ് വന്നതെന്ന് അന്വേഷിച്ച പൊലീസ് ചെന്നൈയിലുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.