 പരിഷ്‌കരണ നടപടികൾ വളർച്ചയ്ക്ക് സഹായകം

റിയാദ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം താത്കാലികമാണെന്നും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികൾ വളർച്ചയുടെ പാതയിലേക്ക് വീണ്ടും രാജ്യത്തെ ഉയർത്തുമെന്നും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. റിയാദിൽ സൗദി അറേബ്യയുടെ വാർഷിക നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ ആഗസ്‌റ്ര് മുതൽ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികൾ ഫലപ്രദമാണ്. അടുത്ത പാദങ്ങളിൽ ഇതിന്റെ നേട്ടം പ്രതിഫലിക്കും. ഇന്ത്യയ്ക്കും സൗദിക്കും ദീർഘവീക്ഷണമുള്ള നായകരെയാണ് ലഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി,​ സൗദി രാജാവ് സൽമാൻ ബിൻ അബ്‌ദുൾ അസീസ് അൽസൗദ്,​ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ എന്നിവരെ പുകഴ്ത്തി അംബാനി പറഞ്ഞു.

സംഗമത്തിൽ നരേന്ദ്ര മോദി മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്‌ട്രീസിൽ 1,​500 കോടി ഡോളറിന്റെ ഓഹരിനിക്ഷേപം നടത്താൻ സൗദി എണ്ണക്കമ്പനിയായ ആരാംകോ തയ്യാറെടുക്കുന്നുണ്ട്.