കൊച്ചി : കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസർ ഡോ. കളരിക്കാട് ജോന തോമസിന്റെ യോഗ്യത വിലയിരുത്താൻ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ നിയോഗിച്ച ഉപസമിതി നൽകിയ റിപ്പോർട്ടും വി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസും ഹൈക്കോടതി റദ്ദാക്കി. സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമല്ലാത്തവരെ ഉൾപ്പെടുത്തി പുതിയ സമിതിക്ക് രൂപം നൽകാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. സർവകലാശാലയുടെ നടപടികൾക്കെതിരെ ജോന തോമസ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജിക്കാരന്റെ യോഗ്യത സംബന്ധിച്ച് കെ.പി. ശ്യാം ചന്ദ്രൻ നൽകിയ പരാതിയിലാണ് സർവകലാശാല അന്വേഷണം നടത്തിയത്. പ്രാഥമിക പരിശോധന നടത്തിയ സമിതി ഹർജിക്കാരന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽഅത് തള്ളി ഉപസമിതിക്ക് രൂപം നൽകുകയായിരുന്നു. ഹർജിക്കാരന്റെ അദ്ധ്യാപക - പ്രവൃത്തി പരിചയം നിയമനത്തിനു പര്യാപ്തമല്ലെന്നായിരുന്നു ഉപസമിതി റിപ്പോർട്ട്. തുടർന്ന് വി.സി കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ തന്റെ വാദം കേൾക്കാതെ ഉപസമിതി യോഗ്യത സംബന്ധിച്ച തീരുമാനത്തിലെത്തിയെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജോന തോമസ് ഹൈക്കോടതിയെ സമീപിച്ചത്. സമിതിയിൽ ഫിസിക്സ് വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള വ്യക്തി ഉണ്ടാകണമെന്നും ഹർജിക്കാരന് പുതിയ നോട്ടീസ് നൽകി വിശദീകരണം കേൾക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നടപടിക്കു കാരണമായ രേഖകൾ നൽകിയശേഷം ഹർജിക്കാരന്റെ മറുപടിക്ക് അവസരം നൽകണം. മൂന്നു മാസത്തിനകം നടപടികൾ അന്തിമമാക്കണമെന്നും വിധിയിൽ പറയുന്നു.