തിരുവനന്തപുരം: പൊലീസിലെ എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ മാതൃകയിൽ പൊലീസ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശ. നിലവിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിലേക്ക് മാറ്റാനാണ് നീക്കം. സായുധ ബറ്റാലിയനുകളിലേക്കും ജനറൽ എക്സിക്യൂട്ടിവിലേക്കുമായി പ്രതിവർഷം ഏഴായിരത്തിലേറെ നിയമനങ്ങളാണ് നടക്കുന്നത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ആഗസ്റ്റ് 14ന് ചേർന്ന എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് ഈ ശുപാർശ.
ഒരു പി.എസ്.സി അംഗത്തെ പൊലീസ് റിക്രൂട്ട്മെന്റ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സോഷ്യൽപൊലീസിംഗ് ആൻഡ് ട്രാഫിക് അഡി. ഡി.ജി.പി ആർ. ശ്രീലേഖ നിർദ്ദേശിച്ചു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതിനെ അനുകൂലിച്ചു. ഉദ്യോഗസ്ഥ കേന്ദ്രീകൃത പൊലീസിംഗിലേക്ക് കേരള പൊലീസ് മാറണമെന്നും ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അടക്കം ലഭിക്കത്തക്ക രീതിയിൽ തുടർച്ചയായി തസ്തികകൾ സൃഷ്ടിക്കുന്ന സംവിധാനം ഉണ്ടാകണമെന്നും ബെഹ്റ നിർദ്ദേശിച്ചതായാണ് യോഗത്തിന്റെ മിനിട്ട്സിലുള്ളത്. പൊലീസ് റിക്രൂട്ട്മെന്റ് ബോർഡ് സർക്കാരിൽ അവതരിപ്പിച്ച് അനുമതി നേടിയെടുക്കാൻ എ.ഡി.ജി.പി ശ്രീലേഖയെ യോഗം ചുമതലപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ കാസർകോട് സായുധ ബറ്റാലിയനിലേക്കുള്ള പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ വൻതട്ടിപ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ഈ യോഗം.
അഡി. ഡി.ജി.പിമാരായ ബി. സന്ധ്യ (ട്രെയിനിംഗ്), കെ. പദ്‌മകുമാർ (കോസ്റ്റൽ പൊലീസ്), ഷേഖ് ദർവേഷ്സാഹിബ് (ക്രമസമാധാനം), ടി.കെ. വിനോദ്കുമാർ (ഇന്റലിജൻസ്), മനോജ് എബ്രഹാം (പൊലീസ് ആസ്ഥാനം), ഐ.ജിമാരായ എസ്. ശ്രീജിത്ത് (ക്രൈംബ്രാഞ്ച്), പി. വിജയൻ (അഡ്‌മിനിസ്ട്രേഷൻ), പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സി. നാഗരാജു എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് പൊലീസ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള നീക്കം പി.എസ്.സിയുടെ എതിർപ്പുകാരണം നടന്നില്ല.
7000 കോൺസ്റ്റബിൾ നിയമനങ്ങളാണ് എട്ട് ബറ്റാലിയനുകളിലേക്ക് കഴിഞ്ഞവർഷം നടത്തിയത്
198 എസ്.ഐ നിയമനങ്ങൾ 2015ലെ ലിസ്റ്റിൽ നിന്നുണ്ടായി. 2013ൽ അഞ്ഞൂറോളം എസ്.ഐമാരെ നിയമിച്ചു
അയലത്ത് ഇങ്ങനെ
തമിഴ്നാട്ടിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനങ്ങൾ നടത്തുന്നത് തമിഴ്നാട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്മെന്റ് ബോർഡാണ്. എന്നാൽ ഡെപ്യൂട്ടി സൂപ്രണ്ട് (ഡി.എസ്.പി) നിയമനങ്ങൾ തമിഴ്നാട് പി.എസ്.സിയാണ് നടത്തുന്നത്.
''റിക്രൂട്ട്മെന്റ് ബോർഡ് വൻ അഴിമതിക്ക് വഴിവയ്ക്കും. പൊലീസിൽ ശരിയായ നിയമനം നടക്കില്ല. എഴുത്തുപരീക്ഷയും ഫിസിക്കലുമുള്ളതിനാൽ അഴിമതിയുണ്ടാവും. റിക്രൂട്ട്മെന്റ് പി.എസ്.സിയിൽ നിലനിറുത്തണം.''
-ഡോ.കെ.എസ്.രാധാകൃഷ്‌ണൻ
പി.എസ്.സി മുൻ ചെയർമാൻ