ഗുവാഹത്തി: ബി.ജെ.പി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പി.എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച നടപടിക്കെതിരെ മിസോറാമിൽ പ്രതിഷേധം. ബി.ജെ.പിക്കാരെ കൊണ്ടുവന്ന് തള്ളാനുള്ള ഇടമാണോ മിസോറാം എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. പീപ്പിൾസ് റെപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഒഫ് മിസോറാം(പ്രിസം) എന്ന സംഘടനയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. ശ്രീധരൻ പിള്ളയെ ഗവർണറായി നിയമിച്ചതിലൂടെ സംസ്ഥാനത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് വ്യക്തമാകുന്നതെന്നും ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ വേണ്ടേ വേണ്ടെന്നും പ്രിസമിന്റെ അദ്ധ്യക്ഷൻ വാനിലാൽ റുവാത പറയുന്നത്.
ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിൽ ക്രിസ്ത്യൻ അനുകൂലിയോ മതേതരനോ ആയ ഒരാൾ വേണം ഗവർണറാകാനെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ മിസോറാമിനെ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കൊണ്ട് തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണെന്നും സംഘടന പറയുന്നു. മുൻപും കേരളത്തിലെ ബി.ജെ.പി നേതാവായിരുന്ന കുമ്മനം രാജശേഖരനെ കേന്ദ്ര സർക്കാർ മിസോറാം ഗവർണറായി നിയമിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ഈ സ്ഥാനത്തുനിന്നും രാജി വച്ചിരുന്നു. അതിനു ശേഷം അസം ഗവർണറായ ജഗദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ ചുമതല. അതേസമയം, തങ്ങളുടെ ആളെ ഗവർണറായി നിയമിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.