
വൈദ്യുത മന്ത്രി എം.എം മണി രണ്ടു വർഷത്തിനിടെ ഇന്നോവയുടെ ടയർ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്ത് വന്നതോടെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിൽ ടൊയോട്ട ഇന്ത്യയുടെ പേജിലും മലയാളികൾ കയറിയിറങ്ങി. കേരള മന്ത്രി 2017 മോഡൽ ഇന്നോവയുടെ ടയർ രണ്ട് വർഷത്തിനിടെ 10 തവണ ടയറുകൾ മാറ്റി. ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു.
ഖേദം പ്രകടിപ്പിച്ച് കൊണ്ട് ടൊയോട്ട ഇന്ത്യയുടെ കമ്പനി മറുപടി നൽകിയത്. ''നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നൽകുക. ഞങ്ങൾ സഹായിക്കാം, ടീം ടൊയോട്ട'' എന്നാണ് മറുപടി. ടൊയോട്ട ഇന്ത്യയുടെ പേജിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കമന്റുകളാണ് വരുന്നത്. 'മണിയാശാന് ഇരുമ്പിന്റെ ടയർ കൊടുക്കുക' എന്ന് ആവശ്യപ്പെട്ടും മണിയാശാനെ പറ്റിച്ച ടൊയോട്ട മാപ്പ് പറയണമെന്നും കമന്റുകൾ വരുന്നുണ്ട്.
മണിയാശാന്റെ ടയറുമാറ്റത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
''പല തുള്ളി പെരു വെള്ളം മെത്തഡോളജിയിൽ എങ്ങനെ ശതകോടികളുടെ അഴിമതി നടത്താം എന്നതിൽ മറ്റ് സർക്കാറുകൾക്ക് മാത്രകയാണ് വിജയൻ സർക്കാർ.
ഒരു ഉദാഹരണം പറയാം. മന്ത്രി മണിയുടെ ഇന്നോവ കാറിന്റെ ടയറ് വെച്ച് എങ്ങനെയാണ് മൂന്ന് നാല് ലക്ഷം ഖജനാവിനെ 'വഹിച്ചത്' എന്നറിഞ്ഞാൽ സോണിയ ഗാന്ധി ഒക്കെ ചമ്മി പോകും.
മന്ത്രി എം.എം മണിയുടെ 2017 മോഡൽ ഇന്നോവക്ക് കഴിഞ്ഞ രണ്ട് കൊല്ലത്തിൽ ടയർ മാറ്റിയത് 34 എണ്ണമാണ്. പതിനായിരം മുതൽ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. ഒരു തവണ നാല് ടയർ എന്ന കണക്കിൽ 8 തവണ മന്ത്രിയുടെ കാർ ടയർ മാറിയിട്ടുണ്ടാവും. (വിവരാവകാശ രേഖ പ്രകാരം 10 തവണ)
ഉദ്ദേശം അമ്പതിനായിരം മുതൽ എഴുപതിനായിരം കിലോമീറ്റർ വരെ ഒരു ടയറിന് കേരളത്തിലെ റോഡിൽ ഓടാം. അങ്ങനെ നോക്കിയാൽ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകൾ വെച്ച്.
കേരളത്തിൽ 100 കിലോമീറ്റർ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂർ സമയം വേണം. അതായത് ഒരു മണിക്കൂറിൽ 40 കിലോമീറ്റർ. അപ്പൊ നാല് ലക്ഷം കിലോമീറ്റർ സ്റ്റേറ്റ് കാറിൽ ചീറിപായാൻ മന്ത്രി എടുത്തത് 10000 മണിക്കൂർ ആവും. മൂന്നാർ പോലെയുള്ള ഹൈറേഞ്ച് കയറാൻ കൂടുതൽ സമയം എടുത്തെങ്കിലെ ഉള്ളൂ.
പക്ഷെ ദുഖകരമായ വാർത്ത എന്താന്ന് വെച്ചാൽ ഒരു വർഷം ആകെ 8760 മണിക്കൂർ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാവും താമസിച്ചത്.
മറ്റ് മന്ത്രിമാർക്ക് മൂന്നാം ക്ളാസ്സിനേക്കാൾ എഡ്യൂക്കേഷൻ ഉള്ളത് കൊണ്ടും കണക്ക് അറിയാവുന്നത് കൊണ്ടും കുറച്ച് ഭേദം ഉണ്ട് ടയറുകളുടെ എണ്ണത്തിൽ. എന്നാലും കേവലം ഒരു തവണ മാത്രം ടയർ മാറ്റിയ മന്ത്രി സുനിൽ കുമാറും, മന്ത്രി ചന്ദ്രശേഖരനും, മുഖ്യന്റെ സ്പെയർ കാറും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു''.