സിൻസിനാറ്റി: ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ പുഞ്ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൗൺ സിൻഡ്രോം അവസ്ഥയെ തുടർന്ന് ശരീരികമായും ബുദ്ധിപരമായും സാധാരണ കുഞ്ഞുങ്ങളേക്കാൾ പിന്നിൽ നിൽക്കുന്ന ഒരു കുട്ടിയാണിത്. എങ്കിലും ലോകത്തിന്റെ മനസു നിറയ്ക്കാൻ ഈ പുഞ്ചിരിക്കായി. ഗ്രേറ്റർ സിൻസിനാറ്റിയിലെ ഡൗൺ സിൻഡ്രോം അസോസിയേഷനാണ് ഈ മനോഹര വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇതിനോടകം തന്നെ രണ്ടേകാൽ കോടിയോളം പേരാണ് വീഡിയോ കണ്ടത്. കുഞ്ഞിന് ഇതുവരെ ഒൗദ്യോഗിക നാമം നൽകിയിട്ടില്ല. ബേബി എച്ച് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞിനെ എൻ.ഡി.എസ്.എ,എൻ സംഘടന മുഖേനയാണ് ദത്തെടുത്തത്. ഈ സംഘടന ഇത്തരം അവസ്ഥയിൽപ്പെടുന്ന കുഞ്ഞുങ്ങളെ നല്ല രീതിയിൽ ജീവിക്കാനുള്ള സഹായങ്ങളും സൗകര്യങ്ങളും ചെയ്ത് കൊടുക്കാറുണ്ട്.
എന്താണ് ഡൗൺ സിൻഡ്രോം?
ഓരോ 750 കുട്ടികൾ ജനിക്കുമ്പോഴും അതിൽ ഒരു കുഞ്ഞ് ഡൗൺ സിൻഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നത്. ഇത് ഒരു ക്രോമോസോം വ്യതിയാനമാണ്. സാധാരണ മനുഷ്യരിൽ 23 ജോഡി ക്രോമോസോമുകൾ ഉള്ളപ്പോൾ ഇവരിൽ 47 എണ്ണം ഉണ്ട്. 21-ാമത്തെ ക്രോമോസോം 2 എണ്ണം വേണ്ടതിനു പകരം ഇവരിൽ 3 എണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമോസോം അധികം. ഇത് ഒരു ജനിതകമായ പ്രശ്‌നമാണെങ്കിലും ഭൂരിഭാഗവും പാരമ്പര്യമായി ഉണ്ടാകുന്നതല്ല.