തിരുവനന്തപുരം: വാളയാർ കേസിൽ തിരുത്തൽ നടപടികളുമായി സർക്കാർ. വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റാനും സർക്കാർ തീരുമാനിച്ചു. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. പോലീസ് മേധാവിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കേസിൽ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും. പുനർവിചാരണ നടത്താന്‍ നിയമപരമായ എല്ലാ സാധ്യതയും തേടും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറൽ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. വാളയാർ കേസിൽ അപ്പീലിനു പോകുമെന്നും ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകർപ്പ് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസിൽ സംബന്ധിച്ച് അപ്പീൽ നല്‍കുമെന്നും പ്രഗല്‍ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേൽക്കോടതിയിൽ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. കേസിൽ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു