ലണ്ടൻ: സ്തനങ്ങളുടെ വലുപ്പം കൂട്ടുന്നതിനായി പ്ലാസ്റ്റിക് സർജറി നടത്തിയ യുവതിയെ തേടിയെത്തിയത് മരണം. ലണ്ടനിലെ റിവർസൈഡ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്താനെത്തിയ 36കാരിയും മൂന്നുകുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമായ ലൂയിസ് ഹാർവിയാണ് ദാരുണമായി മരണപ്പെട്ടത്. തന്റെ മകൾ മരണപ്പെട്ടത് ഡോക്ടർമാരുടെ ശ്രദ്ധക്കുറവ് മൂലമാണെന്ന് ഹാർവിയുടെ അമ്മ ആരോപിച്ചു. രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നൽക്കാതിരുന്നത് കാരണമാണ് തന്റെ മകൾ മരണപ്പെട്ടതെന്നും ഹാർവിയുടെ അമ്മ ലിൻഡ ഹാർവി പറയുന്നു. രക്തം കട്ട പിടിക്കുന്ന ശരീര പ്രകൃതമാണ് തങ്ങളുടെ കുടുംബക്കാർക്കെന്നും, എന്നാൽ ഈ വസ്തുത മനസ്സിലാക്കിയിട്ടും ഡോക്ടർമാർ തന്റെ മകൾക്ക് അതിനുള്ള രണ്ടാം ഡോസ് മരുന്ന് നൽകിയില്ലെന്നും ലിൻഡ ഹാർവി പറഞ്ഞു.
അത് മാത്രമല്ല, രണ്ട് ശസ്ത്രക്രിയകളും ഒരേ സമയം നടത്തിയാൽ ചിലവ് കുറയുമെന്ന് ആശുപത്രി ജീവനക്കാരിൽ ഒരാൾ ലൂയിസിനെ ഉപദേശിച്ചുവെന്നും അത് മൂലമാണ് തന്റെ മകൾ ഈ സാഹസത്തിന് മുതിർന്നതെന്നും ഇവർ പറഞ്ഞു. സ്തനവലുപ്പത്തിനും വയറു കുറയ്ക്കുന്നതിനും വേണ്ടിയാണ് ലൂയിസ് ഹാർവി ചികിത്സ തേടിയെത്തിയത്. ഹാർവിയുടെ ആവശ്യപ്രകാരം രണ്ട് പ്ലാസ്റ്റിക് സർജറികളും ഒരേ സമയം ഡോക്ടർമാർ നടത്തിയെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീട്ടിലേക്കെത്തിയ ലൂയിസ് ഹാർവി 18 ദിവസം കഴിഞ്ഞ ശേഷമാണ് മരണമടയുന്നത്.
ജൂൺ 17നാണ് മൂന്ന് മണിക്കൂർ നേരം നീണ്ടുനിന്ന രണ്ട് ശസ്ത്രക്രിയകളും നടന്നത്. മരണകാരണം സംബന്ധിച്ച അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.