 
കൊൽക്കത്ത : സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ക്രിക്കറ്റ് ആരാധകരൊക്കെ ഇന്നലെ ഒന്ന് അമ്പരന്നു. മുൻ ഇന്ത്യൻ ക്യാപ്ടൻ എം.എസ്. ധോണി വിരമിച്ചു എന്ന വാർത്തയായിരുന്നു ഈ അമ്പരപ്പിന് കാരണം. വളരെ പെട്ടെന്നാണ് ട്വിറ്ററിൽ # Dhoni retaires എന്ന ഹാഷ് ടാഗ് വൈറലായത്.
സംഗതി വൈറലായതോടെ ധോണിയുടെ ആരാധകർ നിജസ്ഥിതി അറിഞ്ഞ് പ്രതികരണവുമായി എത്തി. # Never Retire dhoni എന്നതായിരുന്നു അവരുടെ ഹാഷ് ടാഗ്.
ഈ ഹാഷ് ടാഗുകളിൽ ട്വീറ്ററുകൾ നിറയുന്നതിനിടെ ധോണി വിരമിച്ചിട്ടുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ആരാധകരുടെ ഓട്ടം. ഇതുവരെയും ധോണി വിരമിക്കലിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പിച്ചപ്പോഴാണ് പലർക്കും ശ്വാസം നേരെവീണത്.
ബംഗ്ളാദേശിനെതിരായ പരമ്പരയിലും സെലക്ടർമാർ ധോണിയെ പരിഗണിക്കാത്തതിനെത്തുടർന്നാണ് ധോണി വിരമിക്കുന്നതായുള്ള അഭ്യൂഹങ്ങൾ കനത്തത്. കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിനുശേഷം ധോണി കളിച്ചിട്ടില്ല. വരുന്ന ട്വന്റി 20 ലോകകപ്പിലേക്ക് ധോണിയെയല്ല, റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി താൻ പരിഗണിക്കുന്നതെന്ന് ബംഗ്ളാദേശിനെതിരായ ടീം പ്രഖ്യാപന വേളയിൽ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞിരുന്നു.