borewell

തിരുവനന്തപുരം: സംസ്ഥാനത്തെ തുറന്നു കിടക്കുന്ന കുഴൽ കിണറുകളെല്ലാം മൂടണമെന്ന കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള കുഴൽക്കിണറിൽ വീണ് രണ്ടര വയസുകാരൻ മരണമടഞ്ഞ സംഭവം കണക്കിലെടുത്താണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ ഉപയോഗശൂന്യമായ കുഴൽകിണറുകളെല്ലാം മൂടണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്ത് തുറന്ന കിണറുകൾ ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടുണ്ടെങ്കിലും വിവിധ വകുപ്പുകൾ കർശനമായ പരിശോധന നടത്തി ഉപയോഗശൂന്യമായ കുഴൽകിണറുകൾ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ അവ ഉടൻതന്നെ മൂടണമെന്ന് താൻ നിർദ്ദേശം നൽകിയതായി പിണറായി വിജയൻ പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിൽ വേണം ഈ പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2012-13 കാലഘട്ടത്തിൽ സർക്കാർ നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് തുറന്നുകിടക്കുന്ന അവസ്ഥയിലുള്ള കുഴൽക്കിണറുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 8258 കുഴൽക്കിണറുകൾ ഭൂജല വകുപ്പ് നിർമിച്ചുവെന്നും അതിൽ സ്വകാര്യ ഏജൻസികൾ നിർമ്മിച്ച കുഴൽക്കിണറുകളുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ കിണറുകൾ മൂടുന്ന കാര്യം സംബന്ധിച്ച് വ്യവസായ വകുപ്പിനും ഭൂജല, തദ്ദേശ വകുപ്പുകൾക്കും കത്ത് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.