jammu-kashmir

ശ്രീനഗർ: കാശ്മീരിലെ പുൽവാമയിലുള്ള ഒരു സ്‌കൂളിൽ വിന്യസിക്കപ്പെട്ട സി.ആർ.പി.എഫ് സൈനികർക്ക് നേരെ ഭീകരർ നിറയൊഴിച്ചു. പുൽവാമയിലെ പ്രധാന പരീക്ഷാ കേന്ദ്രമായ ദ്രബ്ഗ്രാമിലെ സി.ആർ.പി.എഫ് ബങ്കറിന്‌ നേരെയാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് സി.ആർ.പി.എഫും ലോക്കൽ പോലീസും ഒരുമിച്ചാണ് സുരക്ഷ നൽകുന്നത്. തങ്ങൾക്കുനേരെ ഏഴ് റൗണ്ട് വെടിവച്ച ഭീകരർക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തെ തുടർന്ന് ഈ ഭാഗത്തുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് ഭീകരർക്കായുള്ള സെർച്ച് ഓപറേഷനുകൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദ് ചെയ്തതോടെ ഇവിടെയുള്ള സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടു മാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടികളെ തിരികെ സ്‌കൂളിലേക്ക് എത്തിക്കുന്നതിനായി സർക്കാർ പരീക്ഷകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ നടപടി കാശ്മീരിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കാശ്‌മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തി എന്ന് കാണിക്കാൻ സർക്കാർ തങ്ങളുടെ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നാണ് ഇവർ പറയുന്നത്.