puri-jaganadha-temple-

ഭുവനേശ്വർ : ഒഡീഷയിലെ അതിപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന കലവറയുടെ താക്കോൽ കാണാതായ സംഭവത്തിൽ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു. കോടിക്കണക്കിന് രൂപയുടെ മൂല്യം കണക്കാക്കുന്ന വജ്രം,സ്വർണം,വെള്ളി ആഭരണങ്ങളടങ്ങിയ മുറിയുടെ താക്കോൽ കാണാതായതോടെ അമൂല്യ ശേഖരത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് സർക്കാരിന് നേരെ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. താക്കോൽ കാണാതായ വാർത്തകൾ പുറത്തുവന്നതോടെ അമൂല്യ നിധി എത്രയും വേഗം ഓഡിറ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പ്രദിപ്ത കുമാർ നായിക് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെ ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുവാനുള്ള ശ്രമം ബി.ജെ.പി ആരംഭിക്കുകയും ചെയ്തു. എന്നാൽ ബി.ജെ.പിയുടെ ആവശ്യത്തെ കോൺഗ്രസ് നേതൃത്വം പിന്തുണയ്ക്കുന്നില്ല. ഓഡിറ്റ് ചെയ്യാനായി നിധി ശേഖരം തുറന്നാൽ അത് മോഷണത്തിൽ കലാശിക്കുമെന്നാണ് കോൺഗ്രസിന്റെ വാദം.

കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ താക്കോൽ കാണാതായത്. ഇതേ തുടർന്ന് ഭരണകക്ഷിയായ ബിജു ജനതാ ദൾ സർക്കാർ ഏറെ പഴികേട്ടിരുന്നു. തുടർന്ന് അന്വേഷണത്തിനായി ഒഡീഷ സർക്കാർ ജൂഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. എന്നാൽ ദിവസങ്ങൾക്കകം ക്ഷേത്രത്തിലെ ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന അരവിന്ദ് അഗർവാൾ രത്ന ശേഖരത്തിന്റെ വാതിലിന്റെ ഡൂപ്ലിക്കേറ്റ് താക്കോൽ ഹാജരാക്കുകയായിരുന്നു. ജില്ല കളക്ട്രേറ്റ് ഓഫീസിലെ റെക്കാർഡ് റൂമിൽ നിന്നും ലഭിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നത്.

രത്നശേഖരത്തിലെ അമൂല്യ വസ്തുക്കളെ കുറിച്ച് കലവറതുറന്ന് 1978ൽ തയ്യാറാക്കിയ പട്ടിക മാത്രമാണ് അധികാരികളുടെ കൈയ്യിലുള്ള ഏക രേഖ. ഇതിൻപ്രകാരം കലവറയിൽ 128കിലോ സ്വർണ്ണം, 221.5 കിലോയുടെ വെള്ളി പാത്രങ്ങൾ, വിലപിടിപ്പുള്ള പൂജാ വസ്തുക്കൾ തുടങ്ങിയവയാണുള്ളത്. താക്കോൽ കാണാതായതിനെ തുടർന്ന് വിവാദമുണ്ടായപ്പോഴാണ് ഈ പട്ടികയിലെ വിവരങ്ങൾ നിയമസഭയിൽ നിയമമന്ത്രി പ്രസ്താവിച്ചത്.