pashanam-saji

വാളയാർ പെൺകുട്ടികൾകളുടെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധക്കൂട്ടായ്മയിൽ വികാരാധീനനായി നടൻ സാജു നവോദയ. വർഷങ്ങളായി കുട്ടികളില്ലാത്തതിൽ വിഷമിക്കുന്ന ഒരാളാണ് താനെന്നും,​എന്നാൽ ഇനി തനിക്ക് കുട്ടികൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സിനിമാപ്രവർത്തകരായ ഒരുകൂട്ടം യുവാക്കൾ നടത്തിയ നടത്തിയ തെരുവ് നാടകത്തിന് ശേഷമാണ് താരം വികാരധീനനായത്.

'പത്ത് പതിനഞ്ച് വർഷമായി കുട്ടികളില്ലാത്തയാളാണ് ഞാൻ. ഭയങ്കര വിഷമമുണ്ട്. പക്ഷേ ഇനി എനിക്ക് മക്കൾ വേണ്ട...അത്രയ്ക്കും വിഷമമുണ്ട്. ഞാൻ വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ളയാളാണ്. ഒരു രാഷ്ട്രീയത്തിനോ പാർട്ടിക്കോ എതിരല്ല. പക്ഷേ ആ കുട്ടികൾക്ക് നീതി കിട്ടണം. ഇതുപോലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. വിരലിലെണ്ണാവുന്നത് മാത്രമേ പൊതുജനങ്ങൾ അറിഞ്ഞിട്ടുള്ളു. അറിയാത്ത എത്രയോ സംഭവങ്ങളുണ്ട്,​ എത്രയോ മക്കളുണ്ട്...ഇതൊക്കെ ചെയ്തവർ ഒരു ആറുമാസം കഴിയുമ്പോൾ വീണ്ടും പുറത്തിറങ്ങും. വീണ്ടും പിഞ്ചുകുട്ടികളുടെ നേരെയായിരിക്കും പെരുമാറുക'- അദ്ദേഹം പറഞ്ഞു.

കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം.കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാ​റ്റി, അനുഭവസമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കും. പുനർവിചാരണയ്ക്ക് നിയമപരമായ എല്ലാ സാദ്ധ്യതകളും തേടാനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ തീരുമാനമായി.

കേസിൽ ഗുരുതരവീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി–പട്ടികവർഗ കമ്മിഷൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഡൽഹിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. പൊലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തതു ലാഘവത്തോടെയാണെന്നും കമ്മിഷൻ വൈസ് ചെയർമാൻ എൽ.മുരുകൻ പറഞ്ഞിരുന്നു.പ്രതിഷേധം ശക്തമായതോടെ വാളയാർ ഉൾപ്പെടെ നിരവധി പോക്‌സോ കേസുകളിലെ പ്രതികൾക്കു വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമസമിതി ചെയർമാനെ തൽസ്ഥാനത്തു നിന്ന് നീക്കിയിരുന്നു. വാളയാറിൽ പീഡനത്തെ തുടർന്ന് 13 വയസ്സും ഒൻപതു വയസ്സും പ്രായമുള്ള സഹോദരിമാർ ആത്മഹത്യ ചെയ്ത കേസിൽ മൂന്നു പ്രതികളെ വെള്ളിയാഴ്ചയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്.