കൊച്ചി : മരടിൽ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകുന്ന നഷ്ടപരിഹാരം മക്കളുടെ പേരിൽ വാങ്ങാൻ നിർമ്മാതാക്കളുടെ ശ്രമം. കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗിലാണ് പുതിയ അടവുമായി നിർമ്മാതാക്കളെത്തിയത്. രണ്ടു ഫ്ളാറ്റ് നിർമ്മാതാക്കളുടെ മകനും മകളും തങ്ങൾക്ക് ഫ്ളാറ്റുണ്ടെന്ന് അവകാശപ്പെട്ട് അപേക്ഷ നൽകി. 25 ലക്ഷം രൂപ ഇടക്കാലാശ്വാസമായി അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു. വിശദമായ വാദം കേട്ടും രേഖകൾ പരിശോധിച്ചും തീരുമാനമെടുക്കാൻ ഇവർ സമർപ്പിച്ച അപേക്ഷകൾ സുപ്രീംകോടതി നിയോഗിച്ച കമ്മിഷൻ മാറ്റിവച്ചു.എച്ച്.ടു.ഒ ഫ്ളാറ്റിന്റെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ സാനി ഫ്രാൻസിസ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ കമ്മിഷൻ നേരത്തേ തള്ളിയിരുന്നു. നിർമ്മാതാവിന്റെ അപേക്ഷ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച കമ്മിഷൻ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം രേഖാമൂലം നൽകാൻ നിർദ്ദേശിച്ചിരുന്നു.
അതേ സമയം നഷ്ടപരിഹാരത്തിന് 23 ഫ്ളാറ്റുടമകൾക്ക് കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ തീരുമാനിച്ചു. ഫ്ളാറ്റുകളുടെ വില്പനപത്രമില്ലാത്ത ഉടമകൾക്കും നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ തീരുമാനിച്ചു. പകരം നിർമ്മാതാക്കളുമായി ഒപ്പിട്ട കരാറും പണം കൈമാറിയത് സംബന്ധിച്ച രേഖകളും സ്വീകരിച്ചാണ് തുക നൽകുക. നിർമ്മാണത്തിന് മുമ്പേ ഫ്ളാറ്റിരിക്കുന്ന സ്ഥലത്തിന് തുല്യാവകാശം നൽകി കരാർ ഒപ്പിട്ടവരാണിവർ. തവണകളായി അവർ പണമടച്ചിട്ടുമുണ്ട്. ഫ്ളാറ്റ് പൂർത്തിയാക്കി നഗരസഭ ഡോർ നമ്പരും നൽകിയിട്ടുണ്ട്. ഫ്ളാറ്റ് നിർമ്മാണത്തിന് മുമ്പ് ഇത്തരം കരാർ പ്രകാരം ഇടപാടുകൾ നടത്തുന്നത് സാധാരണമായതിനാലാണ് അവർക്കും നഷ്ടപരിഹാരം നൽകുന്നതെന്ന് കമ്മിഷൻ അറിയിച്ചു.ചെയർമാൻ കെ. ബാലകൃഷ്ണൻനായർ, അംഗങ്ങളായ ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.