pak

ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാ രാഷ്ട്രങ്ങളെയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്ഥാൻ മന്ത്രി. ഈ രാഷ്ട്രങ്ങളെ പാകിസ്ഥാന്റെ ശത്രുവായി കണക്കാക്കിയാണ് ആക്രമിക്കുകയെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു. കാശ്മീർ, ഗിൽജിത്, ബാൾട്ടിസ്ഥാൻ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിൻ ഗണ്ഡാപൂറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

കാശ്മീർ വിഷയത്തിൽ പ്രശ്നങ്ങൾ രൂക്ഷമായാൽ ഇന്ത്യും പാകിസ്ഥാനും തമ്മിൽ യുദ്ധത്തിന് നിർബന്ധിതരാവും. അപ്പോൾ പാകിസ്ഥാനോടൊപ്പം നിൽക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും. ഇത്തരം രാഷ്ട്രങ്ങൾക്കെതിരെ മിസൈൽ ഉപയോഗിച്ച് ആക്രമിക്കേണ്ടിവരും- മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്താനയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാണ്. പാക് മാദ്ധ്യമപ്രവർത്തക നൈല ഇനായത്ത് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

Minister for Kashmir Affairs, Gandapur is back and how: "any country that will not stand with Pakistan over Kashmir will be considered our enemy and missiles will be fired at them as well, in case of war with India."
I hope Trump received the message. pic.twitter.com/lcwuZwJiNq

— Naila Inayat नायला इनायत (@nailainayat) October 29, 2019


കാശ്മീരിലെ പ്രത്യേക പദവി എടുത്തകളഞ്ഞതിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായിരുന്നു. കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ തിരിയാൻ ലോകരാഷ്ട്രങ്ങളുടെ പിന്തുണയ്ക്കായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെ ഇമ്രാൻ ഇതിനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ മലേഷ്യ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ മാത്രമേ പാകിസ്ഥാന് ലഭിച്ചിരുന്നുള്ളൂ. കൂടാതെ ഇന്ത്യയ്ക്കെതിരെ ആണവായുധ യുദ്ധം വരെയുണ്ടാകാമെന്നു ഇമ്രാൻ ഖാൻ ഭീഷണി മുഴക്കിയിരുന്നു. കാശ്മീർ പ്രശ്നം രാജ്യാന്തര തലത്തിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായി ഇമ്രാൻ ഖാൻ തന്നെ പിന്നീട് അംഗീകരിച്ചു.