തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്ന് മുംബയ്ക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്‌പ്രസിന്റെ എൻജിൻ ഓട്ടത്തിനിടെ വേർപെട്ടു. പേട്ട റെയിൽവേ സ്റ്റേഷൻ പിന്നിട്ട ഉടൻ പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ കൊടുംവളവിൽ എൻജിനും ബോഗികളും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ളിംഗ് വേർപെട്ടതാണ് കാരണം. ഇന്ന് രാവിലെ 9.35 ഓടെയായിരുന്നു സംഭവം.
വളവ് തിരിയുന്നതിനിടെ എൻജിനും ബോഗികളുമായുള്ള ബന്ധം വേർപെടുകയായിരുന്നു. എൻജിനും മുൻവശത്തെ ജനറൽ കോച്ചുമായി ബന്ധിപ്പിച്ചിരുന്ന കപ്ളിംഗാണ് വേർപെട്ടത്. കപ്ളിംഗ് വേർപെട്ട ശബ്ദംകേട്ട് എൻജിൻ ഡ്രൈവർമാർ സഡൻ ബ്രേക്ക് ചെയ്ത് എൻജിൻ നിർത്തി.
ആൾസെയിന്റ്സ് കേളേജിന് സമീപത്തെത്തിയാണ് എൻജിൻ നിന്നത്. ബോഗികൾ അൽപ്പംകൂടി മുന്നോട്ട് ഉരുണ്ട് പേട്ട പഴയ റെയിൽവേ ഗേറ്റിനു സമീപത്തെത്തി നിന്നു. ട്രെയിൻ പെട്ടെന്ന് നിൽക്കുകയും ഫാനുകളും ലൈറ്റുകളും ഓഫാകുകയും ചെയ്തശേഷമാണ് യാത്രക്കാർ എൻജിൻ വേർപെട്ട വിവരം അറിഞ്ഞത്. എൻജിൻ ഡ്രൈവർമാരും ഗാർഡും അറിയിച്ചതനുസരിച്ച് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആർ.പി.എഫും റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തി. അരമണിക്കൂറിലേറെ സമയമെടുത്ത് തകരാർ പരിഹരിച്ചശേഷം ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി. അവിടെ വിശദമായ പരിശേധന നടത്തി തകരാറില്ലെന്ന് ഉറപ്പാക്കിയശേഷമേ ട്രെയിന് പുറപ്പെടാൻ കഴിയൂ. വിവരമറിഞ്ഞ് നാട്ടുകാരുൾപ്പെടെ നിരവധിപേർ സ്ഥലത്തെത്തി. ഏതാനും മാസം മുമ്പ് കൊച്ചുവേളി - ബിക്കാനീർ എക്സ് പ്രസ്, തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവയുടെ എൻജിനുകളും ഓട്ടത്തിനിടെ വേർപെട്ടു. ഗുരുതരമായ സുരക്ഷാ വീഴ്ചയായ സംഭവം അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.