maoist-

അട്ടപ്പാടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ഐ (എം.എൽ) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസകം അടക്കം നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷത്ത് നിന്നടക്കം നിരവധി പേർ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പൊലീസിലെ സ്‌പെഷൽ സേനയായ തണ്ടർ ബോൾട്ടിലെ ഉദ്യോഗസ്ഥർ തിരച്ചടിച്ചതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

മാവോയ്സ്റ്റ് നേതാക്കളെ വധിച്ച പൊലീസ് നടപടിയിൽ കോൺഗ്രസ് നേതാക്കളടക്കം സർക്കാരിനെ വിമർശിക്കുമ്പോൾ പൊലീസിന് പൂർണ പിന്തുണ അറിയിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവായ സന്ദീപ് ജി വാര്യർ. രാജ്യത്തിനെതിരെ ആയുധമെടുക്കുന്നവർക്ക് ലഭിക്കേണ്ടത് മരണ ശിക്ഷയാണെന്നും അതിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് വാര്യർ കുറിക്കുന്നു. മാവോയിസ്റ്റുകളെ വധിക്കുന്നതിൽ മനുഷ്യാവകാശം പറയുന്നവർ കമ്യൂണിസ്റ്റ് ഭീകരർക്ക് എവിടെ നിന്നാണ് എ.കെ.47 അടക്കമുള്ള മാരക ആയുധങ്ങൾ ലഭിക്കുന്നതെന്ന് അറിയാമോ എന്നും അദ്ദേഹം ചോദിക്കുന്നു. ചൈനയുടെ പണവും പിന്തുണയുമാണ് മാവോയിസ്റ്റ് ഭീകരതയ്ക്ക് പിന്നിലെന്ന് മനസിലാക്കാനാവാത്തവർ വിഡ്ഢികളാണെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇക്കാര്യത്തിൽ മനുഷ്യാവകാശം പറഞ്ഞുവരുന്ന വി ടി ബൽറാമും ജസ്റ്റിസ് കമാൽ പാഷയും ഈ കമ്യൂണിസ്റ്റ് ഭീകരർക്ക് എകെ47 ഉൾപ്പടെയുള്ള ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നൊന്നു പറയാമോ? ചൈനയുടെ പണവും പിന്തുണയും ഇല്ലാതെ ഇന്ത്യയിൽ മാവോയിസ്റ്റ് ഭീകരവാദം വളരും എന്ന് കരുതുന്നവർ വിഡ്ഢികളാണ്.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് മാവോയിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിൽ അടക്കുകയാണ് ചെയ്തതെന്ന് ബൽറാം പറയുന്നു. ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വത്തെ മുഴുവൻ ഉന്മൂലനം ചെയ്തത് ബൽറാം വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന ഈ മാവോയിസ്റ്റുകൾ ആയിരുന്നു എന്നുള്ള കാര്യം മറക്കരുത്.

ഉമ്മൻചാണ്ടിയുടെ കാലത്തെ ഉദാരത പറയുന്ന ബൽറാം കെ.കരുണാകരൻ എങ്ങനെയാണ് നക്സലൈറ്റുകളെ കൈകാര്യം ചെയ്തത് എന്നു കൂടി പറയണം. രാജ്യത്തിനെതിരെ ആയുധം എടുത്താൽ എഫ്‌ഐആറിനും അറസ്റ്റിനും റിമാന്റിനും ജാമ്യത്തിനും ഒന്നും പ്രസക്തിയില്ല. രാജ്യത്തിനെതിരെ ആയുധമെടുക്കുന്നവർക്ക് ഏതൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രവും കൽപിക്കുന്ന ശിക്ഷ മരണമായിരിക്കും. മാവോയിസ്റ്റുകൾക്ക് ജീവൻ വേണമെങ്കിൽ ആയുധം താഴെ വെക്കണം. കീഴടങ്ങണം. കമ്മ്യൂണിസ്റ്റ് ഭീകരവാദികൾക്കെതിരെ ഒരു വിട്ടുവീഴ്ചയും അരുത്.

എന്തായാലും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടൽ ആണെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയനും തണ്ടർ ബോൾട്ട് സേനക്കും അപമാനകരമാണ്. ആയതുകൊണ്ട് മുഴുവൻ ഓപ്പറേഷൻ ഡീറ്റെയിൽസും വീഡിയോ ദൃശ്യങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പുറത്തുവിടണമെന്നും പോലീസ് സേനയ്ക്കും സംസ്ഥാന സർക്കാരിനും നേരെ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയണമെന്നും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു