2019 ഒക്ടോബർ 21ന് കേരളത്തിൽ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പും അതിന് മുൻപ് നടന്ന പാലാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളാണെങ്കിലും കേരളത്തിലെ ജനങ്ങൾ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഭരണകൂടത്തിനും നൽകിയ ഒരു മുന്നറിയിപ്പായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവിടെ ചർച്ച ചെയ്തത് ഒരു ഉപതിരഞ്ഞെടുപ്പിലെ പ്രാദേശിക രാഷ്ട്രീയമോ വിവാദങ്ങളോ ആയിരുന്നില്ല, മറിച്ച് കേരളത്തിലെ പൊതുമണ്ഡലത്തിലെ വിവധ വിഷയങ്ങളായിരുന്നു. അതിൽ അഴിമതിയും വികസനവും വ്യക്തിപ്രഭാവവും വിശ്വാസവും അവിശ്വാസവും ജാതിയും മതവും എല്ലാം തലനാരിഴ കീറി പരിശോധിച്ചു. ഓരോ വിഷയങ്ങളും തങ്ങൾക്ക് അനുകൂലമായും എതിരാളികൾക്ക് പ്രതികൂലമായും വ്യാഖ്യാനിക്കാൻ പ്രത്യേകം വൈദഗ്ദ്ധ്യം നേടിയ വിശാരദന്മാർ അരയും തലയും മുറുക്കി രംഗത്ത് നിറഞ്ഞാടുകയായിരുന്നു. പ്രതികൂലമായവയെ പ്രതിരോധിക്കാൻ തിരുത്തലുകൾക്ക് അപ്പുറത്തേക്ക് വിവാദങ്ങൾ കൊണ്ട് പരിച സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ജനം വിധിയെഴുതി. ആര് ജയിച്ചു ആര് തോറ്റു. വീണ്ടും എത്തി തോൽവിയുടെയും വിജയത്തിന്റെയും കാര്യകാരണങ്ങൾ നിരത്തികൊണ്ടുള്ള നീരീക്ഷണങ്ങളും വിലയിരുത്തലുകളും പഠനങ്ങളും. ഇവിടുത്തെ പ്രബുദ്ധരായ ജനങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെയുള്ള വിലയിരുത്തലുകളാണ് അതിന് ശേഷവും നടത്തിക്കൊണ്ടിരിക്കുന്നത്. വീണ്ടും വീണ്ടും അസംബന്ധങ്ങളെ കൂട്ടുപിടിച്ച് ജനവിധിയെ അപമാനിക്കാൻ ശ്രമിച്ചാൽ അതിനുള്ള ശിക്ഷയുടെ പ്രഹരശേഷി താങ്ങാൻ കെൽപ്പുണ്ടാവില്ല ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന്.
സർക്കാർ വിരുദ്ധ വികാരമെന്നും, മഴയുടെ കെടുതികൊണ്ടെന്നും പാർട്ടികളിലെ ഗ്രൂപ്പിസമെന്നും വോട്ട് മറിച്ച് വിൽക്കലെന്നുമുള്ള സ്ഥിരം വിലയിരുത്തലുകളുമായി ഇക്കുറിയും ഒരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്നവരോട് ഇനി ഏത് ഭാഷയിലാണ് പറയേണ്ടത്, എത്ര തവണയാണ് ഉണർത്തേണ്ടത് പൊതുജനം കഴുതയല്ലെയെന്ന്. വ്യക്തമായ യാതൊരു തെളിവുമില്ലാത്തതും തിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് മാത്രം പുറത്തിറക്കുന്ന വിവാദങ്ങൾ കൊണ്ട് തടയാനാവില്ല ഇനി കേരളത്തിലെ പൊതുസമൂഹത്തിന്റെ ബോധതലങ്ങളെ. അഴിമതി മുക്തവും കർമ്മശേഷിയുമുള്ള യുവത്വത്തിന്റെ വികസനസങ്കല്പങ്ങളാണ് കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആവശ്യമെന്ന് വിളിച്ചോതുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. തങ്ങളുടെ പോക്കറ്റിലാണ് ജനങ്ങൾ എന്നുള്ള നേതാക്കന്മാരുടെ ധാർഷ്ട്യത്തിനേറ്റ കടുത്ത ആഘാതമായിരുന്നു ജനവിധി. കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയയുടെ അഴിമതിയുടെ സ്മാരകം പോലെ നിലനിൽക്കുന്ന പാലാരിവട്ടം പാലത്തിന്റെയും മരട് ഫ്ളാറ്റിന്റെയും നിർമ്മാണത്തോടുള്ള പൊതുജനത്തിന്റെ കടുത്ത രോഷമായിരുന്നു ഈ ജനവിധി. അടിച്ചേൽപ്പിക്കപ്പെട്ട നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. വിശ്വാസികളുടെ മേലുള്ള അവിശ്വാസികളുടെ ആധിപത്യം തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചപ്പോൾ അവരോടുള്ള തെറ്റുതിരുത്തൽ പ്രക്രിയയുടെ പ്രതിഫലനവുമായിരുന്നു .
ഇതിനെല്ലാമുപരി ചില മണ്ഡലങ്ങൾ തങ്ങളുടെ കുത്തകയാണെന്നും അവിടെ ആരെ മത്സരിപ്പിക്കണമെന്ന് കല്പന പുറപ്പെടുവിക്കുന്നത് തങ്ങൾ ആയിരിക്കണമെന്ന മാടമ്പി ധാർഷ്ട്യത്തിന്റെ നെറുകയിലേറ്റ കനത്ത പ്രഹരമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ് ഫലം. വിശ്വാസിസമൂഹത്തിന്റെ മൊത്തക്കച്ചവടം തങ്ങൾക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളെ ആകെ അപമാനിച്ചവർക്കുള്ള ചുട്ടമറുപടിയായിരുന്നു ജനഹിതം. സവർണ ഫാസിസ്റ്റ് ചിന്താഗതികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ബോധപൂർവമായ ശ്രമത്തെ തകർത്ത് തരിപ്പണമാക്കുന്നതായിരുന്നു നാം ഇവിടെ കണ്ടത്. ഭരണസിരാകേന്ദ്രത്തിലിരുന്ന് ഭരണചക്രം തിരിക്കുന്ന സവർണ ഉദ്യോഗസ്ഥരെ വച്ച് മാറിമാറി വരുന്ന സർക്കാരുകളെ വരുതിക്ക് നിറുത്താനും നിയമങ്ങളും ചട്ടങ്ങളും തങ്ങൾക്ക് അനുകൂലമാക്കി തീർത്ത് ഇവിടുത്തെ പട്ടിണി പാവങ്ങളായ അടിസ്ഥാനവർഗത്തെ ജന്മിമാരെന്നും ഭൂപ്രഭുക്കളെന്നും ചിത്രീകരിച്ച് സാമൂഹ്യനീതി നിഷേധിക്കാനും ശ്രമിച്ചവരെ മര്യാദ പഠിപ്പിക്കാൻ ഈ ഉപതിരഞ്ഞെടുപ്പ് ഫലം കാരണമായി. ജാതിമത സമവാക്യങ്ങൾ പറഞ്ഞ് വോട്ടർമാരുടെ തലയെണ്ണി അതുവച്ച് കള്ളച്ചൂത് കളിച്ചവരുടെ പടിയിറക്കമായിരുന്നു ഇവിടെ നടന്നത്. ഇനിയും ഇത് കേരളത്തിൽ വിലപ്പോവില്ലയെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു കേരള ജനത.
നമ്മുടെ നാടിനെ ജാതിമത സമവാക്യങ്ങളുടെ പ്രീണനം പുരോഗതിയിലേക്ക് നയിക്കില്ല. അത് മതദ്വേഷവും ജാതിവിവേചനവും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. ജാതിയുടെയും മതത്തിന്റെയും ഇടനാഴിയിൽ കിടന്ന് ശ്വാസം മുട്ടുകയല്ല വേണ്ടത്, മറിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും വികസനവും വളർച്ചയുമാണ് ലക്ഷ്യമിടേണ്ടത്. അവിടെ രാഷ്ട്രീയ ചേരിതിരിവുകൾക്കപ്പുറം ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം സാമൂഹ്യനീതിയുടെ നീതിശാസ്ത്രത്തിന്റെ പിൻബലത്തിലുമുള്ള ശാസ്ത്രീയവികസന കാഴ്ചപ്പാടിനായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. അതോടൊപ്പം അതിന് നിയോഗിക്കപ്പെടുന്നവരുടെ കർമ്മശേഷിയും സുതാര്യതയും ചുറുചുറുക്കും അടിസ്ഥാനഘടകങ്ങൾ തന്നെയാണ്.
വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പു ഫലം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്. തിരുത്താൻ തയ്യാറായാൽ പൊറുക്കാൻ ഞങ്ങൾക്ക് കഴിയും എന്ന പാഠവും കോന്നി ഫലം ഓർമ്മിപ്പിക്കുന്നു. കോട്ടകൊത്തളങ്ങളല്ല ജനഹിതം മനസിലാക്കി സാമൂഹ്യനീതിയിലധിഷ്ഠിതമായ നിലപാടുകളാണ് സ്വീകരിക്കേണ്ടത് എന്ന ഒരു വലിയ സന്ദേശം അരൂർ കേരളത്തിന് നൽകി. പരമ്പരാഗതമായ വോട്ടുകളിലെ വൻ ചോർച്ച എറണാകുളം പോലെയുള്ള ഒരു മണ്ഡലത്തിൽ ഉണ്ടായെങ്കിൽ ആർക്കും ആശ്വസിക്കാൻ വകയില്ലെങ്കിൽ അതിനർത്ഥം പാലാരിവട്ടം പാലവും മരടും കോർപ്പറേഷൻ ഭരണവുമെല്ലാം ജനം തിരിച്ചറിഞ്ഞു എന്നുള്ളതാണ്. മഞ്ചേശ്വരവും കോന്നിയും കണ്ട് സമാശ്വാസിക്കുക എന്നുള്ളതല്ല കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കേരളഘടകത്തിന്റെ ഉത്തരവാദിത്വം. കേരളത്തിലെ ജനങ്ങളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടി അവരോടൊപ്പം നിലകൊണ്ട് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ജനകീയ നേതാക്കന്മാരായി സേവനം ചെയ്യണം.അല്ലാതെ ഓരോ തിരഞ്ഞെടുപ്പും വരുമ്പോൾ മാത്രം മണ്ഡലത്തിൽ വലിയ റോഡ് ഷോ നടത്തി, വോട്ടുകൾ കുറയുമ്പോൾ മറിച്ചുവിൽപ്പനയെന്നും കച്ചവടം എന്നും പറഞ്ഞ് മറ്റ് പാർട്ടികളുടെയും സ്വന്തം മുന്നണിയിലെ ഘടകകക്ഷികളുടെയും പുറത്ത് പഴിചാരുകയല്ല വേണ്ടത്. ചില സ്വാധീനങ്ങൾക്ക് വഴങ്ങി തൊഴുത്ത് മാറ്റിക്കെട്ടിയുള്ള പരീക്ഷണവുമല്ല വേണ്ടത്. ശരിയായ വിശകലനവും കൂട്ടായ തീരുമാനവും ഒരുമയോടുള്ള പ്രവർത്തനവുമാണ്. ഇനിയും സമയമുണ്ട്. നന്മയെ ജനം സ്വീകരിക്കും തിന്മയെ തൂത്തെറിയും ഇത് എല്ലാവർക്കും പാഠമാണ്. മനസിരുത്തി പഠിക്കാനുള്ള രാഷ്ട്രീയ പാഠം. ജനമനസിന്റെ യഥാർത്ഥ പാഠം.