മലയാളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഹിറ്റുകളിലൊന്നായിരുന്നു വൈശാഖ് സംവിധാനംം ചെയ്ത പുലിമുരുകൻ. 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്. മോഹൻലാൽ നായകനായെത്തിയ ബിഗ്ബഡ്ജറ്റ് ചിത്രത്തിന് തുടക്കം മുതൽ തന്നെ ഒട്ടേറെ വിമർശനങ്ങളുമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ വിമർശിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഡിജിറ്റൽ സാങ്കേതികവിദ്യ വന്ന ശേഷം വഴിയെ പോകുന്നവർ പോലും സിനിമയെടുക്കുകയാണെന്നും മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന സിനിമ ചന്ദനക്കുറിയും തൊട്ട് വെളുപ്പിനെ തന്നെ തിയേറ്ററിൽ പോയി കാണുന്നവരായി മാറിയിരിക്കുന്നു മലയാളി പ്രേക്ഷകരെന്നും അടൂർ കുറ്റപ്പെടുത്തി.
അടൂരിന്റെ പ്രസ്താനയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി. ചന്ദനക്കുറി ഇട്ട് മോഹൻലാലിന്റെ സിനിമ കാണാൻ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യമുള്ളതാണ്. ഈ ഡിജിറ്റൽ ലോകത്ത് ആർക്കു വേണമെങ്കിലും സിനിമ എടുക്കാം. ഒരു പരീക്ഷയ്ക്കു പഠിച്ചു മാർക്ക് വാങ്ങേണ്ട സംഗതിയല്ല സിനിമയെന്നും മേജർ രവി അഭിപ്രായപ്പെട്ടു.
മോഹൻലാലിന്റെ സിനിമകൾ, അല്ലെങ്കിൽ അതുപോലുള്ള സിനിമകളെ തരംതാഴ്ത്തി പറയാനുള്ള അർഹത ഒരു സംവിധായകനുമില്ല. ഒരു സിനിമയുടെ വിജയം എന്നു പറയുന്നത് ആ ചിത്രം ജനങ്ങൾ സ്വീകരിച്ചു എന്നുള്ളതാണ്. അതുകൊണ്ടാണ് അവർ തിയേറ്ററിൽ പോയി സിനിമ കാണുന്നത്. എന്നാൽ, അടൂരിന്റെ പ്രശ്നം അതല്ല. അദ്ദേഹത്തിന്റെ പ്രശ്നം അവർ ചന്ദനക്കുറി ഇട്ടിട്ടു പോകുന്നു എന്നുള്ളതാണ്. ഇവിടെയാണ് അദ്ദേഹത്തിന്റെ വർഗീയ സ്വഭാവം കാണുന്നത്. എന്തുകൊണ്ട് ഇത് എടുത്തു പറഞ്ഞിരിക്കുന്നു? ചന്ദനക്കുറി ഇട്ട് മോഹൻലാലിന്റെ സിനിമ കാണാൻ പോകുന്നുവെന്ന് എടുത്തു പറയുന്നത് തന്നെ കാപട്യമുള്ള പ്രസ്താവന ആണ്. അതിൽ പാർട്ടിപരമായ ചിന്താഗതികളുണ്ട്. അദ്ദേഹത്തിന് ചന്ദനക്കുറി ഇഷ്ടമാകില്ലെന്ന് എനിക്കറിയാം. പക്ഷേ, അതിനെ പൊതു ഇടത്തിലേക്ക് എടുത്തിട്ട് ചളി വാരിത്തേക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് മേജർ രവി പറയുന്നു.
എല്ലാവർക്കും ഓരോ സമയമുണ്ട്. നിങ്ങൾ നിങ്ങളുടെതായ സമയത്ത്, സിനിമകൾ എടുത്തിട്ട്, അതെല്ലാം വിദേശരാജ്യങ്ങളിൽ പോയി വിറ്റിട്ട്, ഇത്രയും വലിയ വ്യക്തിയായെന്ന് പറയുന്നതിനെ നിങ്ങളുടെ ഭാഗ്യമായി മാത്രം കണക്കാക്കിയാൽ മതി. കാരണം ആ സിനിമയെ കുറച്ചു പേർ അഭിനന്ദിച്ചു. ഇവിടത്തെ നാട്ടുകാർക്ക് ആർക്കും ആ സിനിമ മനസിലായിട്ടില്ല- മേജർ രവി പറഞ്ഞു.