aishwarya-rai

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താനൊരു ഹീറോയാണെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. വലിയൊരു അപകടത്തിൽ നിന്ന് ഐശ്വരാ റായി ബച്ചന്റെ മാനേജരായ അർച്ചന സദാനന്ദന്റെ ജീവൻ രക്ഷപ്പെട്ടത് ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ്. അമിതാഭ് ബച്ചൻ ഒരുക്കിയ ദീപാവലി പാർട്ടിക്കിടെയായിരുന്നു സംഭവം.

ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാനൊപ്പമാണ് പാർട്ടിക്കെത്തിയത്. പരിപാടിക്കിടെ അർച്ചനയുടെ ലഹങ്കയ്ക്ക് തീപിടിക്കുകയായിരുന്നു. പെട്ടെന്നുള്ള തീപിടുത്തത്തിൽ എല്ലാവരും പകച്ചു നിൽക്കുമ്പോൾ ഷാരൂഖ് ഓടി അർച്ചനയ്ക്കരികിലെത്തി. തുടർന്ന് ഒരു ജാക്കറ്റ് ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.

ചെറിയ രീതിയിൽ ഷാരൂഖിന് പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ ആ സമയത്ത് അർച്ചനയെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ താരത്തിനുണ്ടായിരുന്നുള്ളുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അർച്ചനയെ ഉടൻ തന്നെ മുംബയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് അമിതാഭ് ബച്ചൻ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നത്. നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.