narendra-modi-

റിയാദ് : രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചത്.

സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ മൂന്നാം എഡിഷനിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പാക് വ്യോമപാത തുറന്ന് കൊടുക്കാതെ വഴിമുടക്കിയുള്ള പാകിസ്ഥാന്റെ നീക്കത്തിന് സൗദി മണ്ണിൽ നിന്നും തിരിച്ചടിക്കാൻ ഇന്ത്യയ്ക്കായി. പാകിസ്ഥാന്റെയോ മറ്റു രാജ്യങ്ങളുടെയോ പേരെടുത്ത് പറയാതെ ഇന്ത്യയും സൗദിയും അയൽരാജ്യങ്ങളാൽ ഒരു പോലത്തെ സുരക്ഷ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് മോദി തുറന്നടിച്ചു. അറബ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയും സൗദിയും തീവ്രവാദത്തെ നേരിടുന്നതിൽ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മോദി വാചാലനായത്. സൗദിയും ഇന്ത്യയും തമ്മിൽ വർദ്ധിച്ചു വരുന്ന സഹകരണത്തെ കുറിച്ചും, തീവ്രവാദത്തെ നേരിടുന്നതിനായി ഭാവിയിൽ കൂടുതൽ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

കാശ്മീർ വിഷയത്തിലടക്കം ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സൗദി കൈക്കൊണ്ടത്. ഇന്ത്യയ്‌ക്കെതിരെ നിലപാടെടുക്കുവാൻ പാക് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് സൗദി കിരീടവകാശി സൽമാൻ രാജകുമാരന്റെ പിന്തുണ തേടിയത്. എന്നാൽ കാശ്മീരിൽ ഇന്ത്യയുടെ നടപടികൾക്ക് പിന്തുണ നൽകുകയാണ് സൗദി ചെയ്തത്. സൗദിയുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നതിൽ തന്റെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ചെയ്ത പ്രവൃത്തികളെയും സൗദി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പുകഴ്ത്തുകയുണ്ടായി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിന് ഒരു മാസം മുൻപേ റിയാദിലെത്തി ഒപ്പുവയ്‌ക്കേണ്ട കരാറുകളിലടക്കം ഡോവൽ കളമൊരുക്കിയിരുന്നു.

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ പങ്കെടുത്ത ശേഷം സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. നിരവധി കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവയ്ക്കും. ഇതിൽ ഏറ്റവും പ്രധാനമായത് 'വിഷൻ 2030' പ്രകാരം സൗദി രൂപം നൽകുന്ന സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലാണ്. ഇന്ത്യയെ കൂടാതെ ചൈന. യു.കെ,യു.എസ്.എ,ഫ്രാൻസ്.ജർമനി,ജപ്പാൻ, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായാണ് സൗദി ഇത്തരമൊരു ബന്ധം ആരംഭിക്കുന്നത്.

ഊർജ്ജ മേഖലയിൽ ഉൾപ്പെടെ 13 ഓളം തന്ത്രപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുന്നതോടെ പരമ്പരാഗതമായി ഇന്ത്യയുമായി സൗദിക്കുള്ള ബന്ധം വീണ്ടും ശക്തമാവും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർ നടപടിക്കുള്ള കരാറിലും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഔട്ട്‌ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറിലും സൗദി സന്ദർശന വേളയിൽ ഇന്ത്യ ഒപ്പുവയ്ക്കും.