maddy-sharma-

ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ പാർലമെന്റംഗങ്ങളെ സർവ ചിലവും വഹിച്ച് കാശ്‌മീരിലേക്ക് ക്ഷണിക്കുകയും അവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വി. ഐ. പി കൂടിക്കാഴ്ച വാഗ്ദാനം നൽകുകയും ചെയ്‌ത ഇന്ത്യൻ വംശജയും അവരുടെ സന്നദ്ധ സംഘടനയും സംശയ നിഴലിൽ. ബെൽജിയൻ തലസ്ഥാനമായ ബ്രസൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമൻ ഇക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്ക്(ഡബ്യു.എസ്.ടി.ടി) എന്ന സന്നദ്ധ സംഘടനയും അതിന്റെ അമരക്കാരിയായ ബ്രിട്ടീഷ് ഇന്ത്യൻ വംശജ മാഡി ശർമ്മ(മധു ശർമ്മ) യുമാണ് യൂറോപ്യൻ എം. പിമാരുടെ സന്ദർശനം സംഘടിപ്പിച്ചത്. സംഘത്തോടൊപ്പം ഇന്ത്യയിൽ എത്തിയ മാഡി ശർമ്മ മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും എം. പിമാർ നടത്തിയ കൂടിക്കാഴ്ചയിലും സൽക്കാരത്തിലും പങ്കെടുത്തിരുന്നു. ട്വിറ്റർ അക്കൗണ്ടിൽ അന്താരാഷ്‌ട്ര ബിസിനസ് ബ്രോക്കറും വിദ്യാഭ്യാസ സംരംഭകയുമായി സ്വയം വിശേഷിപ്പിക്കുന്ന മാഡി ശർമ്മയ്‌ക്ക് ഇന്ത്യാ ഗവൺമെന്റുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായുമുള്ള ബന്ധമാണ് വ്യക്തമാകാത്തത്.

30ലേറെ യൂറോപ്യൻ എം. പിമാരെ കാശ്‌മീരിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചത് മാഡി ശർമ്മയാണ്. ഇന്ത്യയിൽ ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ പ്രധാനമന്ത്രി മോദി തന്റെ വികസന പാതയിലൂടെ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനിലെ സ്വാധീനമുള്ള നേതാക്കളെന്ന നിലയിലാണ് പ്രധാനമന്ത്രി മോദി നിങ്ങളെ കാണുന്നത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. വിമാന ടിക്കറ്റിന്റെയും താമസത്തിന്റെയും ചിലവ് ഡൽഹിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈൻഡ് സ്റ്റഡീസ് എന്ന സ്ഥാപനം വഹിക്കുമെന്നും പറയുന്നുണ്ട്. കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഇത്രയും വലിയ ഒരു വിദേശ രാഷ്‌ട്രീയ സംഘത്തിന്റെ സന്ദർശനം ഒരു സർക്കാരിതര ഏജൻസി സംഘടിപ്പിച്ചതും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. സന്ദർശനം സംഘടിപ്പിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിദേശമന്ത്രാലയം പരസ്യമായി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അവർക്ക് യാതൊരു റോളും ഇല്ലാതെ ഒരു എൻ. ജി. ഒ യൂറോപ്യൻ സംഘത്തെ കൊണ്ടു വന്നതാണ് ആക്ഷേപങ്ങൾക്ക് തുടക്കമിട്ടത്. സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളും യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ,​ തീവ്ര വലതുപക്ഷ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയിരുന്നുവെന്നതും വിമർശനത്തിനിടയാക്കി. അതേസമയം, ചില മാദ്ധ്യമങ്ങൾ ഇ - മെയിൽ വഴി മാഡി ശർമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മേൽവിലാസം അസാധുവാണെന്ന സന്ദേശമാണ് കിട്ടിയത്. ഡൽഹിയിലെ സ്ഥാപനം ഇന്നലെ പതിവില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു.