fadnavis-

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള പ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫട്നാവിസിനെ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബയിൽ നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഫട്നാവിസിനെ വീണ്ടും തിരഞ്ഞെടുത്തത്.

ബി.ജെ.പി - ശിവസേന സഖ്യത്തെയാണ് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കിൽ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് സർക്കാർ രൂപീകരണത്തെക്കുറിച്ച് ഫട്നാവിസ് പ്രതികരിച്ചു. ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെയ്ക്കും ഫട്നാവിസ് നന്ദി അറിയിച്ചു.

ഇന്നലെ സൗത്ത് മുംബയിലെ വിധാൻ ഭവനിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി എം.എൽ.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവർക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എം.എൽ.എമാർ സർക്കാർ രൂപീകരണത്തിൽ സഹകരിക്കുമെന്നും ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നു.

അതേസമയം രണ്ടരവർഷം വീതം മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിൽക്കുകയാണ്. എന്നാൽ അങ്ങനെയൊരു ഉറപ്പ് ശിവസേനയ്ക്ക് നൽകിയിട്ടില്ലെന്നാണ് ഫട്നാവിസ് കഴിഞ്ഞദിവസം പ്രതികരിച്ചത്. അടുത്ത അഞ്ചുവർഷക്കാലം ബി.ജെ.പി തന്നെ സർക്കാരിന് നേതൃത്വം നല്‍കുമെന്നും ശിവസേന ആ സർക്കാരിലുണ്ടാകുമെന്നുമായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.