bagdadi-

വാഷിംഗ്ടൺ,​ ബാഗ്ദാദ്: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ വിശ്വസ്തനായി കടന്ന്,​ എല്ലാ നീക്കങ്ങളും യു.എസ് സൈന്യത്തിന് ചോർത്തി നൽകിയ ചാരന് 25 മില്യൺ യു.എസ് ഡോളർ (ഏകദേശം 178 കോടി രൂപ) പാരിതോഷികമായി നൽകുമെന്ന് യു.എസ്. സിറിയയിൽ ഐസിസിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തി തന്നെയാണ്​ ബാഗ്​ദാദിയുടെ നീക്കങ്ങളെ കുറിച്ചും രഹസ്യതാവളത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ സൈന്യവുമായി​ പങ്കുവച്ചത്​. ഇയാൾ ഏതു രാജ്യക്കാരനാണെന്ന്​ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയൻ അതിർത്തിയിൽ കൂടുതൽ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യു.എസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാൾ അവിടെയുണ്ടായിരുന്നതായാണ് യു.എസ് നൽകുന്ന വിവരം. ഡി.എൻ.എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ കടത്തിയതും ഇയാളാണെന്ന് വിവരമുണ്ട്.

അതേസമയം,​ വിവരം നൽകിയത്​ സുന്നി അറബ്​ വിഭാഗത്തിൽപ്പെട്ടയാളാണെന്നും ഇയാളുടെ ബന്ധുക്കൾ ഐസിസ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നും സൂചനയുണ്ട്​. ബാഗ്​ദാദി കൊല്ലപ്പെട്ടതി​ന്റെ അടുത്ത ദിവസം തന്നെ ഇയാൾ ഇദ്​ലിബിൽ നിന്നു കുടുംബവുമായി പലായനം ചെയ്തെന്നും യു.എസ്​ വാഗ്​ദാനം ചെയ്​ത തുക സ്വീകരിക്കുമെന്നാണ്​ കരുതുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മാസം 26നാണ്​ ഇ​ദ്‌​ലി​ബി​ലെ ബാ​രിഷ​യി​ലുള്ള ഒളിത്താവളത്തിൽ അബൂബക്കർ ബാഗ്​ദാദിയും കുടുംബവും കൊല്ലപ്പെട്ടത്​. സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സും അമേരിക്കൻ ചാരസംഘടനയായ സി.​ഐ.​എ​യും മേ​യ് 15 മു​ത​ൽ ബാഗ്ദാ​ദി​ക്കാ​യി വ​ല​വി​രിച്ചു തുടങ്ങിയിരുന്നു.