ആഗോള ആയുർവേദ സമ്മേളനത്തിന് തുടക്കം
കൊച്ചി: ആയുർവേദത്തിന് ആഗോള തലത്തിൽ മികച്ച സ്വീകാര്യതയുണ്ടെന്നും ആഗോള വെൽനെസ് ഹബ്ബായി മാറാൻ കേരളത്തിന് കഴിയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രിയുടെ (സി.ഐ.ഐ) മൂന്നാമത് ആഗോള ആയുർവേദ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
16.2 ശതമാനം വാർഷിക വളർച്ചയാണ് ആയുർവേദ രംഗം കൈവരിച്ചത്. നമുക്ക് പാരമ്പര്യമായി കിട്ടിയ അറിവുകളിൽ ഏറ്റവും പ്രധാനമാണ് ആയുർവേദം. കേരളത്തെ വെൽനെസ് ഹബ്ബായി ഉയർത്താൻ ആഗോള ആയുർവേദ സംഗമം സഹായിക്കുമെന്നും ഗവർണർ പറഞ്ഞു.
സി.ഐ.ഐ കേരള ചെയർമാനും ഇസാഫ് സി.ഇ.ഒയുമായ കെ. പോൾ തോമസ്, കേരള ആയുർവേദ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.കെ. അനിൽകുമാർ, കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും ട്രസ്‌റ്റിയുമായ ഡോ.പി.എം. വാര്യർ, ഗ്ളോബൽ ആയുർവേ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എസ്. സജികുമാർ, ശ്രീധരീയം ആയുർവേദ ഗ്രൂപ്പ് വൈസ് ചെയർമാനും സി.ഐ.ഐ ആയുർവേ പാനൽ കൺവീനറുമായ ഹരി എൻ. നമ്പൂതിരി എന്നിവർ സംസാരിച്ചു.
ആയുർവേദ സ്‌റ്റാർട്ടപ്പ് അവസരങ്ങൾ, നൂതന ഫണ്ടിംഗ് രീതികൾ, പാക്കേജിംഗ്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, സ്വീകാര്യത ഉയർത്തൽ, കേരളത്തെ ആയുർവേദ വിദ്യാഭ്യാസ ഹബ്ബാക്കൽ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. ആയുർവേദ ഉത്‌പന്ന പ്രദർശനം, ബി2ബി യോഗങ്ങൾ എന്നിവയുമുണ്ട്. ആഗോള ആയുർവേദ രംഗത്തെ പ്രമുഖർ, 30ഓളം രാജ്യങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവരാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ആയുർവേദ സ്‌റ്റാർട്ടപ്പുകൾക്കുള്ള ആയുർസ്‌റ്റാർട്ട് മത്സരത്തിന്റെ രണ്ടാം എഡിഷനും സമ്മേളനത്തിൽ നടക്കും.