തിരുവനന്തപുരം: ആലപ്പുഴയിലെ ചമ്പക്കുളത്ത് കത്തിയെരിഞ്ഞ 108 ആംബുലൻസിൽ നിന്ന് രോഗിയെ രക്ഷിച്ച പുന്നപ്ര കിഴവന തയ്യിൽ എസ്. സൈഫുദ്ദീന് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ ക്വാളിറ്റി അസിസ്റ്റന്റ് (നഴ്‌സിംഗ്) തസ്തികയിൽ സ്ഥിരനിയമനം നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
2018 സെപ്തംബർ 5നായിരുന്നു അപകടം. അത്യാസന്ന നിലയിൽ ചമ്പക്കുളം ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായിട്ടാണ് സൈഫുദ്ദീൻ ആംബുലൻസുമായി എത്തിയത്. രോഗിക്ക് ഓക്‌സിജൻ നൽകുന്നതിനിടെ സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായ സൈഫുദ്ദീൻ സ്വജീവൻ മറന്ന് അതിസാഹസികമായി രോഗിയെ പുറത്തിറക്കി മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് അയച്ചു. പിന്നാലെ ഓക്സിജൻ സിലിണ്ടർ വൻശബ്ദത്തോടെ പൊട്ടുകയും ആംബുലൻസ് കത്തിയമരുകയും ചെയ്തു. അപകടത്തിൽ സൈഫുദ്ദീന്റെ കൈയ്ക്കും മുഖത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് ഒരു മാസത്തോളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന സൈഫുദ്ദീൻ, ബി.എസ്.സി നഴ്‌സിംഗ് ബിരുദധാരിയായ തനിക്ക് ഇക്കാര്യം പരിഗണിച്ച് സർക്കാർ സർവീസിൽ നഴ്‌സിംഗ് തസ്തികയിൽ സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഫാത്തിമയാണ് സൈഫുദ്ദീന്റെ ഭാര്യ. യു.കെ.ജി വിദ്യാർത്ഥി സഹലുദ്ദീൻ, സൽമാൻ എന്നിവരാണ് മക്കൾ. സൈഫുദ്ദീന്റെ പ്രവൃത്തി സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.