ss

ആറ്റിങ്ങൽ: തുടർച്ചയായ മഴയിലും കാറ്റിലും താലൂക്കിലുടനീളം വ്യാപക നാശം. അഞ്ച് വീടുകൾ തകർന്നു. റോഡിലും വീടുകൾക്കുമുകളിലുമായി അഞ്ചിടത്ത് മരം വീണു. ആർക്കും അപകടമില്ല. കരവാരം വില്ലേജിൽ ഒരുവീട് പൂർണമായും ഒരു വീട് ഭാഗീകമായും തകർന്നിട്ടുണ്ട്. ആലംകോട് വില്ലേജിൽ രണ്ട് വീട് പൂർണമായി തകർന്നു. കിഴുവിലം വില്ലേജിൽ ഒരുവീടും തകർന്നിട്ടുണ്ട്. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല കായൽവാരം വീട്ടിൽ ലതയുടെ വീടിനു മുകളിലേക്ക് മരം വീണു. അയിലം നെല്ലിമൂട്ടിൽ തേക്ക് പിഴുതുവീണു. ദേശീയപാതയിൽ മംഗലപുരത്ത് തെങ്ങ് പിഴുതു വീഴുകയും ചെമ്പകമംഗലത്ത് പുളിവാക റോഡിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു. ആറ്റിങ്ങലിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തി ഇവ മുറിച്ചുമാറ്റി. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. നെൽവയലുകളെല്ലാം തോട് പോലെ നിറഞ്ഞൊഴുകുകയാണ്. കാറ്റിൽ വാഴകൾ മറിഞ്ഞു വീണു.

ആറ്റിങ്ങൽ: പൊതുനിരത്തിൽ നിന്ന മാവ് ഒടിഞ്ഞ് വീണ് വീട് തകർന്നു. കിഴുവിലം പുരവൂർ വിളയിൽ വീട്ടിൽ രാധാകൃഷ്ണന്റെ വീടാണ് തകർന്നത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. പുരവൂർ സ്വദേശി തങ്കമണിയും കുടുംബവുമാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. മരം വീഴുമ്പോൾ വീടിനുള്ളിലുണ്ടായിരുന്ന തങ്കമണി തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ചെറുവള്ളിമുക്കിനും പുരവൂരിനും ഇടയിലുളള വളവിൽ നിന്ന മാവാണ് ഒടിഞ്ഞ് വീണത്. ഉള്ളുമുഴുവൻ ദ്രവിച്ചുനിന്ന മരം ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുവീഴുകയായിരുന്നു. മരം വീടിനുമുകളിലേയ്ക്കു വീഴുമ്പോൾ അടുക്കളയിലായിരുന്ന തങ്കമണി ശബ്ദം കേട്ട് ഓടി പുറത്തേയ്ക്കിറങ്ങിയതിനാൽ അപകടത്തിൽപ്പെട്ടില്ല. വീടിന്റെ മേൽക്കൂരയും ഭിത്തികളുമെല്ലാം തകർന്നു. വീട്ടിലെ ഉപകരണങ്ങളെല്ലാം നശിച്ചതായി വീട്ടുടമസ്ഥ പറഞ്ഞു. ആറ്റിങ്ങലിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും കൂറ്റൻ മരമായതിനാൽ മുറിച്ചുമാറ്റാൻ കഴിയില്ലെന്നറിയിച്ച് മടങ്ങി. സ്ഥലത്തെത്തിയ കിഴുവിലം പഞ്ചായത്ത് അധികൃതർ ഇടപെട്ട് മരംവെട്ടുകാരെക്കൊണ്ട് വീടിനുമുകളിൽ നിന്ന് മരം മുറിച്ചുമാറ്റി. തങ്കമണിയെയും കുടുംബത്തെയും മറ്റൊരുവീട്ടലേക്ക് മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ പറഞ്ഞു.