തിരുവനന്തപുരം: നഗരസഭയുടെ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 25 ഓളം തെരുവു നായ്ക്കളെ പിടികൂടി. ചാക്ക, കരമന ഭാഗങ്ങളിൽ നിന്നാണ് ഇവയെ പിടികൂടിയത്. ഇവയെ തിരുവല്ലം മൃഗാശുപത്രിയിൽ പ്രവർത്തിക്കുന്ന നഗരസഭ എ.ബി.സി സെന്ററിൽ സർജറിക്കു വിധേയമാക്കും. കഴിഞ്ഞ ദിവസം തെരുവു നായ ആക്രമണത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ നായ്ക്കൾക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. നായ മറ്റു തെരുവുനായ്ക്കളെയും കടിച്ചതായി സംശയമുള്ളതിനാൽ അവയേയും പിടികൂടിയതായി നഗരസഭാ വെറ്റിനറി സർജൻ അറിയിച്ചു. വരും ദിവസങ്ങളിൽ ഡോഗ് സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് ഡെപ്യൂട്ടി മേയറും അറിയിച്ചു.