ശ്രീനഗർ: ജമ്മുകാശ്‌മീരും 370-ാം വകുപ്പ് റദ്ദാക്കലും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും എന്നാൽ കാശ്‌മീരിലെ ഭീകരപ്രവർത്തനം ആഗോള പ്രശനമാണെന്നും അതിന്റെ ഉറവിടം പാകിസ്ഥാൻ ആണെന്നും യൂറോപ്യൻ എം.പിമാരുടെ സംഘം പറഞ്ഞു. ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് സംഘം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
രണ്ട് ദിവസത്തെ കാശ്‌മീർ സന്ദർശനത്തിന് ശേഷം ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കാശ്‌മീരിന്റെ പ്രത്യേക പദവി മാറ്റിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അത് ഇന്ത്യയ്‌ക്കെതിരായി ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു. ഭീകരത കാശ്‌മീരിന്റെ വളരെ ഗുരുതരമായ പ്രശ്‌നമാണ്. ഭീകരത അവസാനിച്ചിട്ടില്ല. അത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. അത് ഞങ്ങളുടെയും (യൂറോപ്പിന്റെ) ലോകത്തിന്റെ ആകെയും പ്രശ്നമാണ്. കാശ്‌മീരിൽ കൊല്ലപ്പെട്ട ഭൂരിഭാഗം ഭീകരരും പാകിസ്ഥാനിൽ നിന്ന് വന്നവരാണ് - ബ്രിട്ടീഷ് എം.പി ബിൽ ന്യൂട്ടൺ പറഞ്ഞു.
ന്യൂട്ടണ് പുറമേ ഹെൻറി മാലൂസ് (ഫ്രാൻസ്), റിസാർഡ് സാർനെക്കി (പോളണ്ട്), മരിയാന തിയറി (ഫ്രാൻസ്) എന്നിവരും മാദ്ധ്യമങ്ങളോട് സംസാരിച്ചു.
കാശ്‌മീരിലെ യുവാക്കൾ, സ്‌ത്രീകൾ, രാഷ്‌ട്രീയക്കാർ, വ്യാപാരികൾ തുടങ്ങിയവരോട് ഞങ്ങൾ സംസാരിച്ചു. ഇവിടുത്തെ ജനസമൂഹവുമായി ഞങ്ങൾ ഇടപഴകി. വിവരങ്ങൾ ശേഖരിക്കാനാണ് ഞങ്ങൾ വന്നത്. ഞങ്ങൾക്ക് വേണ്ടതെല്ലാം കിട്ടി. ഇനി തിരിച്ചു പോയി ഈ വിവരങ്ങൾ സഹപ്രവർത്തകരുമായും ഞങ്ങളുടെ രാജ്യങ്ങളുമായും പങ്കിടണം. ഞങ്ങൾ കരുതിയതു പോലെ അത്ര മോശമല്ല സ്ഥിതി. ഇവിടത്തെ ജനങ്ങൾക്ക് സമാധാനം വേണം. മികച്ച ജീവിതവും തൊഴിലും വേണം. ആ സ്വപ്നങ്ങളെല്ലാം ഭീകരത തകർത്തു - അവർ പറഞ്ഞു.
വടക്കൻ അയർലൻഡിൽ ഇതേ പ്രശ്നമാണ് ബ്രിട്ടനും നേരിട്ടതെന്ന് ബിൽ ന്യൂട്ടൺ ചൂണ്ടിക്കാട്ടി. അവിടെ ക്രിസ്‌ത്യാനികൾ തമ്മിലായിരുന്നു യുദ്ധം. യുദ്ധം ഒരു പരിഹാരമല്ല. ചർച്ചയാണ് അവിടെ സമാധാനം കൊണ്ടു വന്നത്. ഇന്ത്യയ്‌ക്ക് കൂടിയാലോചനയുടെ ഒരു വലിയ ചരിത്രം ഉണ്ട്. യുദ്ധമല്ല, ചർച്ച നടത്താനാണ് ഞാനും ഉപദേശിക്കുന്നത്. കാശ്മീരിലെ ഭീകരർ വിദേശികളാണ്. പാകിസ്ഥാനിൽ നിന്നാണ് അവർ വന്നത്. അതൊരു ആഗോള പ്രശ്‌നമാണ്. ഭീകരതയ്‌ക്ക് നേരെയാവണം എല്ലാ പ്രതിഷേധവും - അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിൽ ക്രിസ്‌ത്യാനികൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ യൂറോപ്യൻ എം.പിമാർ വിമർശിച്ചു. ''ഞങ്ങൾ മത സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. പാകിസ്ഥാനിലെ ക്രിസ്‌ത്യാനികളുടെ സുരക്ഷയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്" - മതനിന്ദയുടെ പേരിൽ പാകിസ്ഥാൻ വധശിക്ഷ വിധിക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്‌ത അസിയാ ബീവിയുടെ കാര്യം പരാമർശിച്ചു കൊണ്ട് എം.പിമാർ പറഞ്ഞു.