ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, നാളെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്താനിരിക്കെ, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് ധ്യാനത്തിനായി പുറപ്പെട്ടു. തിങ്കളാഴ്ചയാണ് രാഹുൽ വിദേശത്തേക്ക് പോയത്. എന്നാൽ ഒരാഴ്ച കൊണ്ട് രാഹുൽ തിരിച്ചെത്തുമെന്നും നവംബർ ആദ്യവാരത്തിൽ കോൺഗ്രസിന്റെ പ്രക്ഷോഭത്തിൽ ഭാഗമാവുമെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. രാഹുൽ എല്ലാ കാലത്തും ധ്യാനം ചെയ്യാനായി ഈ സന്ദർശനം നടത്താറുണ്ടെന്നും അദ്ദേഹം ഇപ്പോൾ അവിടെയാണെന്നും കോൺഗ്രസ് നേതാവ് രൺദീപ്‌സിംഗ് സുർജേവാല അറിയിച്ചു.
സാമ്പത്തിക മാന്ദ്യ വിഷയത്തിലുള്ള പ്രക്ഷോഭം പാർട്ടി പ്രഖ്യാപിച്ചത് രാഹുൽ ഗാന്ധിയുടെ മാർഗ നിർദ്ദേശ പ്രകാരമാണെന്നും സുർജേവാല വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യ വിഷയത്തിൽ നവംബർ 1 മുതൽ 8 വരെ രാജ്യത്തുടനീളം 35 വാർത്താ സമ്മേളനങ്ങൾ കോൺഗ്രസ് നടത്തും. തുടർന്ന് രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ തുറന്നുകാട്ടുന്ന പരിപാടികൾ നവംബർ 5 മുതൽ 15 വരെ നടത്തുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. നേരത്തേ ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളുടെ പ്രചാരണ പ്രവർത്തനങ്ങൾ നടന്ന ഒക്ടോബർ ആദ്യവും രാഹുൽ വിദേശ യാത്രയ്ക്ക് പോയത് വിവാദമായിരുന്നു.