share

കൊച്ചി: നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം സെൻസെക്‌സ് വീണ്ടും 40,000 പോയിന്റുകൾ ഭേദിച്ചു. ഇന്നലെ 220 പോയിന്റുയർന്ന് 40,051ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ജൂൺ നാലിന് കുറിച്ച സർവകാല റെക്കാഡുയരമായ 40,312ൽ നിന്ന് 261 പോയിന്റുകൾ മാത്രം അകലെയാണ് ഇപ്പോൾ സെൻസെക്‌സ്. 57 പോയിന്റ് നേട്ടവുമായി 11,844ലാണ് ഇന്നലെ വ്യാപാരാന്ത്യം നിഫ്‌റ്രി.

നിക്ഷേപകരെ ആകർഷിക്കാനായി കൂടുതൽ നികുതിയിളവുകൾ നൽകാനുള്ള കേന്ദ്രസർക്കാർ നീക്കം, കോർപ്പറേറ്ര് കമ്പനികളുടെ മികച്ച സെപ്‌തംബർപാദ പ്രവർത്തനഫലം, വിദേശ നിക്ഷേപത്തിലെ (എഫ്.പി.ഐ) വർദ്ധന എന്നിവയാണ് ഓഹരി സൂചികകൾക്ക് കരുത്താകുന്നത്. എസ്.ബി.ഐ., ഐ.ടി.സി., ടി.സി.എസ്., ഇൻഫോസിസ്, ഭാരതി എയർടെൽ, സൺഫാർമ എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. ചൊവ്വാഴ്‌ച മാത്രം 876 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ എഫ്.പി.ഐകൾ വാങ്ങിയിരുന്നു.

ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി), ലാഭിവിഹിത വിതരണ നികുതി (ഡി.ഡി.ടി), ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്.ടി.സി.ജി), സെക്യൂരിറ്രീസ് ഇടപാട് നികുതി (എസ്.ടി.ടി) എന്നിവയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം.

₹1.22 ലക്ഷം കോടി

ഇന്നലെ സെൻസെക്‌സിലെ നിക്ഷേപക മൂല്യത്തിലുണ്ടായ വർദ്ധന 1.22 ലക്ഷം കോടി രൂപ. 152.04 ലക്ഷം കോടി രൂപയിൽ നിന്ന് 153.27 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്.