
ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങൾക്ക് 580 കോടി സഹായധനമായി നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം സഹായധനം നൽകാൻ ഉദ്ദേശിക്കുന്നത്. ഇത്തരം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് സംസ്ഥാനങ്ങൾ ഈ തുക വിനിയോഗിക്കേണ്ടത്. മാത്രമല്ല ഇത്തരം പ്രദേശങ്ങളിൽ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പൊലീസ് സ്റ്റേഷനുകൾ നിർമിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരളം,ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ 250 സ്റ്റേഷനുകൾ നിർമിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുള്ള ഏഴു സംസ്ഥാനങ്ങളിലെ 30 ജില്ലകൾക്കാണ് കേന്ദ്രം 580 കോടി നൽകുക. ഝാർഖണ്ഡിലാണ് മാവോയിസ്റ്റുകളുള്ള ജില്ലകൾ ഏറ്റവും കൂടുതലായി ഉള്ളത്. ഛത്തീസ്ഗഡ്, ജില്ലകൾ ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആന്ധ്രാ പ്രദേശും ഛത്തീസ്ഗഡും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളാണ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കേരളം ഈ പട്ടികയിൽ വരുന്നത് അടുത്തിടെയാണ്. രാജ്യത്തെ 90 ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ.