pehlukhan-

ജയ്‌പൂർ: രണ്ടുവർഷം മുമ്പ് രാജസ്ഥാനിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്‌ലു ഖാന് (55) എതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് രാജസ്ഥാൻ ഹൈക്കോടതി തള്ളി. പശുക്കടത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയുടെ നടപടി. കൊല്ലപ്പെട്ട പെഹ്‌ലു ഖാൻ, അദ്ദേഹത്തിന്റെ ആൺമക്കൾ, വാഹനത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരായാണ് പശുക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

2017 ഏപ്രിലിലാണ് ആൾവാറിൽ ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെഹ്‌ലു ഖാൻ മൂന്നുദിവസത്തിനുശേഷം മരിച്ചു. സംഭവത്തിൽ പെഹ്‌ലു ഖാനെ ആക്രമിച്ച ഗോസംരക്ഷകർക്കെതിരെ കേസെടുത്തെങ്കിലും ഇവരെ പിന്നീട് കോടതി വിട്ടയച്ചിരുന്നു. എന്നാൽ, പെഹ്‌ലു ഖാനെതിരെയും അദ്ദേഹത്തിന്റെ മക്കൾക്കെതിരെയും മതിയായ അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്ന് ആരോപിച്ച്

പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ പെഹ്‌ലു ഖാന്റെ മക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഇരകളായ തങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. പെഹ്‌ലു ഖാനെതിരെ കേസ് രജിസ്റ്റ‌ർ ചെയ്തതിനെ തുടർന്ന് രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്‌‌ലോട്ടിനെതിരെ വ്യാപകപ്രതിഷേധമുയർന്നിരുന്നു.