short-movie

സ്‌കൂൾ കാലത്തെ പ്രണയവും പ്രണയനഷ്ടവും വിഷയമായിട്ടുള്ള നിരവധി ചിത്രങ്ങൾ നമുക്കുണ്ട്. പ്രേക്ഷകരെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയ ഇത്തരം ചിത്രങ്ങൾ വൻവിജയം നേടിയിട്ടുമുണ്ട്. അതേ ഗണത്തിൽ ഉൾപ്പെടുത്താൻ ആകുന്ന ഒരു കൊച്ചു ചിത്രമാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. 'ഒപ്പന' എന്ന് പേരിട്ടിരിക്കുന്ന, ഷഹദ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ചുരുങ്ങിയ സമയം കൊണ്ട് അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഈ ചിത്രത്തിനായി വിനീത് ശ്രീനിവാസൻ 'മൊഹബത്തിൻ പുതുനിലാവാകെ' എന്ന് തുടങ്ങുന്ന ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളായിരുന്ന കാലത്ത് ഉള്ളിൽ നുരഞ്ഞ, പങ്കുവയ്ക്കാതെ പോയ പ്രണയമാണ് ചിത്രം വിഷയമാക്കുന്നത്. ജോയൽ ജോൺസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിഷ്ണു പ്രസാദാണ്. മിഥുൻ, അതുല്യ, പ്രണവ് യേശുദാസ്, തുടങ്ങിയ പുതുമുഖങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ കെ.പി രവിശങ്കർ, ശരത് പി. ഹരിദാസൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.