റിയാദ് : ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവരുന്നവർക്ക് നഷ്ടസാദ്ധ്യത കുറവാണെന്നും മോദി പറഞ്ഞു. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഫ്യൂചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിനായി ഇന്ത്യയ്ക്ക് എന്തു സംഭാവന ചെയ്യാനാകുമെന്നാണ് താൻ ചിന്തിക്കുന്നതെന്നും ഇന്ത്യയിൽ ചെയ്യുന്ന കാര്യങ്ങൾ ലോകം ശക്തിപ്പെടാൻ കൂടിയുള്ളതാണെന്നും മോദി പറഞ്ഞു. ലോകം 2030നെ ലക്ഷ്യംവയ്ക്കുമ്പോൾ ഇന്ത്യ 2025ൽ തന്നെ അത് നേടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ടുവരുന്നവർക്ക് നഷ്ടസാദ്ധ്യത കുറവാണെന്നും ഉയർന്ന നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള മാനവശേഷി ഉറപ്പാണ്. സ്കിൽ ഇന്ത്യ ഇനീഷ്യേറ്റീവിന് കീഴിൽ 40 വർഷത്തിനുള്ളിൽ 40 കോടി ആളുകൾക്ക് വ്യത്യസ്ത കഴിവുകളിൽ പരിശീലനം നല്‍കും. ഇന്ത്യൻ മാനവശേഷിയുടെ ഗുണമേന്മ ഹോളിവുഡ് സിനിമ നിർമ്മിക്കുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ ചന്ദ്രനിലെത്താൻ സാദ്ധ്യമാക്കുമെന്നും മോദി പറഞ്ഞു.
എപ്പോഴാണോ ഇന്ത്യ വിജയിക്കുന്നത് അപ്പോൾ ലോകവും ആരോഗ്യകരമാകും. പാവങ്ങളിൽ പാവങ്ങളായവരെ ശക്തിപ്പെടുത്തി മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നായി 40ലേറെ വൻകിട നിക്ഷേപകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.