നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഒറ്റത്തവണ ധനസഹായം നൽകുന്നത്.
മൂന്ന് ലക്ഷം രൂപവരെ ധനസഹായം നൽകും. സഹകരണ സംഘങ്ങളുടെ അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ചിരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവർത്തന മൂലധനമായും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കണം. എ,ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ച് വന്നവരായിരിക്കണം. ബൈലായിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.
പൊതുജനതാത്പര്യമുള്ള ഉത്പാദന, സേവന, ഐ.ടി,തൊഴിൽ സംരംഭങ്ങളിലൂടെ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മത്സ്യമേഖല, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭിക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭങ്ങൾ തൊഴിൽ ലഭ്യമാക്കും വിധം വികസിപ്പിക്കുന്നതിനുമാണ് രണ്ടു ലക്ഷം രൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ സംഘത്തിലെ അംഗങ്ങൾ ഒറ്റയ്ക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.
അപേക്ഷ ഫോം www.norkaroots.org ൽ. പൂരിപ്പിച്ച അപേക്ഷകൾ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താത്കാലിക കടധനപട്ടിക പകർപ്പുകൾ സഹിതം 30 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാൾ സേവനം).
ഒന്നാം വർഷം പി.ജി (ഹോമിയോ) ക്ലാസുകൾ
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2019-20 വർഷം പ്രവേശനം നേടിയവരുടെ ഒന്നാം വർഷ പി.ജി. (ഹോമിയോ) ക്ലാസ് നാലിന് ആരംഭിക്കും. വിദ്യാർത്ഥികൾ കോളേജുകളിൽ രാവിലെ പത്ത് മണിക്ക് ഹാജരാകണം.
കെടെറ്റ്: അപേക്ഷയിലെ തെറ്റ് തിരുത്താൻ അവസരം
കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ അപേക്ഷയിൽ ഉൾപ്പെടുത്താതിരുന്നവർക്ക് തിരുത്തുന്നതിന് അവസരം. നവംബർ ഒന്ന് മുതൽ നാല് വരെ www.ktet.kerala.gov.in ൽ ZANDIDATE LOGIN-ൽ ലഭിക്കും. അപേക്ഷകന്റെ പേര്, ജനനത്തീയതി എന്നിവയിലെ തെറ്റും തിരുത്താം. അപേക്ഷയിലെ മറ്റ് വിവരങ്ങൾ തിരുത്താനാവില്ല. നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ ഉൾപ്പെടുത്താത്ത അപേക്ഷാർഥികൾക്ക് Invalid Photo എന്ന് രേഖപ്പെടുത്തിയ ഹാൾടിക്കറ്റ് മാത്രമേ ലഭിക്കൂ. പരീക്ഷ വിജയിക്കുന്നവർക്ക് ഇത് ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്താനാവില്ല. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളളവർ CANDIDATE LOGIN-ൽ പ്രവേശിച്ച് അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുളള ഫോട്ടോയും മറ്റ് വിവരങ്ങളും നവംബർ നാലിന് വൈകിട്ട് അഞ്ചിനുമുമ്പ് പരിശോധിച്ച് ഉറപ്പാക്കണമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.