australia-

മെൽബൺ: ഓൺലൈനിൽ പോൺ വീഡിയോ കാണുന്നതിന് കർശന നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ. ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവർ അവരവരുടെ മുഖം സ്കാൻ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം സർക്കാരിന് മുന്നിൽ നിർദ്ദേശം വച്ചു. പോൺ വീഡിയോ കാണുന്നവർക്ക് പ്രായപൂർത്തിയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനാണിത്. ദ ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഓസ്‌ട്രേലിയയിൽ പ്രായപൂർത്തിയാകാത്തവര്‍ക്ക് പോൺവീഡിയോ കാണുന്നതിനു നിയന്ത്രണമില്ലായിരുന്നു. എന്നാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശമനുസരിച്ച് 18 വയസ് പൂർത്തിയായവർക്ക് മാത്രമായിരിക്കും പോൺ വീഡിയോകൾ കാണാനാവുക. ഇതനുസരിച്ച് ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവർ മുഖം സ്കാൻ ചെയ്യണം. അവരുടെ സർക്കാർ തിരിച്ചറിയൽ രേഖയിലെ പ്രായവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇതിലൂടെ പരിശോധിക്കും.

ഇതിനായൊരു ഫേസ്ബുക്ക് വെരിഫിക്കേഷൻ സർവീസ് വികസിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ഇതുവഴി ഒരു വ്യക്തിയുടെ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലെ ഫോട്ടോകളുമായി മുഖം പൊരുത്തപ്പെടുത്തിക്കൊണ്ട് അവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ കഴിയും.

അതേസമയം, പുതിയ നിർദേശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല.

പോൺ വീഡിയോകൾ കാണുന്നവരുടെ പ്രായം തെളിയിക്കുന്നതിന് പുതിയ രീതി കൊണ്ടുവരുന്നതിനെക്കുറിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഓസ്ട്രലിയൻ സർക്കാരിന്റെ നീക്കം. ബ്രിട്ടനാണ് ആദ്യം ഇത്തരമൊരു നിർദേശം കൊണ്ടുവന്നത്. എന്നാൽ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് പുതിയ നിർദേശമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമുളള പ്രതിഷേധങ്ങൾ ശക്തമായതോടെ അവർ ഈ നീക്കം ഉപേക്ഷിച്ചിരുന്നു.