മുംബയ്: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് രണ്ടാംതവണയും മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പറയുന്നത്. അതേസമയം, സർക്കാർ രൂപീകരണത്തിന് ശിവസേനയുടെ ഭീഷണിക്ക് ഒരു തരത്തിലും വഴങ്ങേണ്ടതില്ല എന്നാണ് ബി.ജെ.പിയുടെ തീരുമാനം. മന്ത്രിസഭയിൽ പകുതി സ്ഥാനവും രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനവും നൽകിയില്ലെങ്കിൽ സർക്കാരുണ്ടാക്കാൻ വേറെവഴി നോക്കും എന്നാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ താൻ തന്നെയായിരിക്കും അഞ്ച് വർഷം മുഖ്യമന്ത്രി എന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നാണ് പാർട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്.