ന്യൂഡൽഹി: സാമ്പത്തിക നഷ്‌ടം കുത്തനെ കൂടുന്നതിനാൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ വൊഡാഫോൺ ഒരുങ്ങുന്നതായി സൂചന. ചില ഓൺലൈൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. വൊഡാഫോൺ ഐഡിയ, റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയാണ് ഇന്ത്യയിലെ ടെലികോം കമ്പനികൾ.

ഐഡിയയുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിച്ച്, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിൽ ഓരോ മാസവും വലിയ ഇടിവാണ് വൊഡാഫോൺ ഐഡിയ നേരിടുന്നത്. വിപണിയിലെ വെല്ലുവിളികളും വരുമാനക്കുറവും കമ്പനിക്ക് തിരിച്ചടിയാകുന്നു. വൊഡാഫോണിന് ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപമുണ്ട്. എന്നാൽ, വൊഡാഫോൺ ഐഡിയയുടെ ഓഹരിമൂല്യം 3.66 രൂപ മാത്രമാണ്. 52 ആഴ്‌ചയിലെ ഏറ്റവും താഴ്‌ന്ന മൂല്യമാണിത്.

എ.ജി.ആർ ഇനത്തിൽ കമ്പനി സർക്കാരിന് 28,309 കോടി രൂപ പിഴയൊടുക്കണമെന്ന സുപ്രീം കോടതി വിധിയും കഴിഞ്ഞദിവസം വന്നിരുന്നു. വൊഡാഫോണിന് 11.15 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇൻഡസ് ടവേഴ്‌സിനെ ഭാരതി ഇൻഫ്രാടെല്ലുമായി ലയിപ്പിക്കാനുള്ള നീക്കത്തിന് ടെലികോം മന്ത്രാലയം മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാനായില്ലെന്ന തിരിച്ചടിയും കമ്പനിക്കുണ്ടായി. ഇക്കാരണങ്ങളാൽ വൊഡാഫോൺ ഇന്ത്യ വിട്ടേക്കുമെന്നാണ് സൂചനകൾ. എന്നാൽ, ഇക്കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.