kerala-

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 270 കിലോമീറ്റർ അകലെ അറബിക്കടലിന്റെ പടിഞ്ഞാറ് ദിക്കിൽ ലക്ഷദ്വീപിനടുത്തായി രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്കും തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും സാദ്ധ്യത. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ന്യൂനമർദ്ദവും ക്യാർ ചുഴലിക്കാറ്റിന്റെ സാന്നിധ്യവും കണക്കിലെടുത്ത് യെല്ലോ മെസേജാണ് കാലാവസ്ഥാകേന്ദ്രം കേരളം, കർണാടക, മഹാരാഷ്ട്രാ സർക്കാരുകൾക്ക് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സുരക്ഷാമുന്നറിയിപ്പുണ്ട്. മഴ പ്രതീക്ഷിക്കുന്നതിലേറെ കൂടിയാലുണ്ടാകുന്ന സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.എറണാകുളം, തൃശ്ശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഒാറഞ്ച് അലർട്ടുള്ളത്.

ലക്ഷദ്വീപിനടുത്തുള്ള ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായും നാളെ തീവ്രചുഴലിയായും മാറുമെങ്കിലും അത് കേരളതീരം തൊടില്ല. ക്യാർ ചുഴലിയാകട്ടെ മഹാരാഷ്ട്രയ്ക്ക് 490 കിലോമീറ്റർ അകലെകൂടി ഒമാൻ തീരത്തേക്കാണ് നീങ്ങുന്നത്.