ramesh-chennithala-2

തിരുവനന്തപുരം:മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുകയും ചെഗുവേരയ്‌ക്കായി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന സർക്കാരാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.

കീഴടങ്ങാനെത്തിയ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നതാണെന്ന ആരോപണമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ട്. വധശിക്ഷയെ എതിർക്കുന്നവരാണ് ഏറ്റുമുട്ടൽ കൊലകളെ ന്യായീകരിക്കുന്നത്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നതോ കൈയിൽ ആയുധമുള്ളതോ കൊല്ലാനുള്ള കാരണമല്ല. വൈത്തിരിയിലെ റിസോർട്ടിൽ സി.പി.ജലീലിനെ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയത്. ആരെ വേണമെങ്കിലും വെടിവച്ചുകൊല്ലാമെന്നാണ് ഡി.ജി.പിയുടെ നിലപാട്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽ നിന്ന് കേരളം ഇത് പ്രതീക്ഷിച്ചില്ല. മാവോയിസ്റ്റുകൾ കൊല്ലപ്പെടേണ്ടത് സർക്കാരിന്റെ രാഷ്ട്രീയ ആവശ്യമെന്ന രീതിയിലായി കാര്യങ്ങൾ. മാവോയിസ്റ്റുകൾ വെടിവച്ചതിന് എന്താണ് തെളിവ്? വിയോജിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന കിരാതനടപടി പാടില്ല - ചെന്നിത്തല പറഞ്ഞു. മാവോയിസ്​റ്റുകൾക്കെതിരേയുള്ള നടപടി സി.പി.ഐയേയോ കാനം രാജേന്ദ്രനേയോ ബോദ്ധ്യപ്പെടുത്താൻ പോലും മുഖ്യമന്ത്റിക്കു കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞെങ്കിലും സി.പി.ഐ അംഗങ്ങളാരും അഭിപ്രായം പറഞ്ഞില്ല. പ്രതിപക്ഷം വാക്കൗട്ടും നടത്തിയില്ല.

ഓടാൻ പറഞ്ഞിട്ട് പിന്നിൽ നിന്ന് വെടിവയ്ക്കുന്നു

വെടിവയ്പിന്റെ സാമാന്യ നിയമം പോലും ലംഘിച്ചു മാവോയിസ്​റ്റുകളെ കൊന്നൊടുക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആരോപിച്ചു. ആദ്യം മുട്ടിനു താഴെ വെടിവയ്ക്കണമെന്നാണു നിയമം. അതു ലംഘിച്ചു നെഞ്ചത്തും തലയിലുമാണു വെടിവച്ചതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ. ഷംസുദീൻ ആരോപിച്ചു. പരസ്പരം വെടിവയ്പുണ്ടായാൽ ഇരുപക്ഷത്തും പരിക്കേൽക്കാറുണ്ട്. ഇവിടെ ഏകപക്ഷീയമായ ആക്രമണമായിരുന്നു. അൽപം അരിക്കു വേണ്ടി മാത്രമാണ് ഇവർ ആദിവാസി കോളനികളിൽ വരുന്നത്. നാട്ടുകാരെ ഉപദ്രവിച്ചിട്ടില്ല. വൈത്തിരിയിൽ സി.പി. ജലീലനോട് ഓടാൻ പറഞ്ഞിട്ട് പിന്നിൽ നിന്നു വെടിവയ്ക്കുകയായിരുന്നു. ഇതെല്ലാം ഗുജറാത്ത് മാതൃകയിലുള്ള വ്യാജ ഏ​റ്റുമുട്ടലുകളാണ്. ഇതിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ഷംസുദീൻ ആവശ്യപ്പെട്ടു.